സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസ് യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നതും യാത്ര ദുഷ്കരമാകുന്നതും സംബന്ധിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടൽ.

അനുവദിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ബസുകളിൽ കുത്തിനിറയ്ക്കുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. സീറ്റുകൾക്കിടയിൽ മതിയായ സ്ഥലമില്ലാത്തത് ദീർഘദൂര യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.

സീറ്റുകൾ തമ്മിൽ പുറകിലേക്ക് കുറഞ്ഞത് 68.5 സെന്റീമീറ്റർ അകലം പാലിക്കണമെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു. സീറ്റുകൾക്കിടയിൽ സ്ഥലമില്ലാത്ത ബസുകളുടെ നമ്പർ ശ്രദ്ധയിൽപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.