വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരമൊട്ടാകെ പരിക്കുകളുണ്ടെന്നും പല അസ്ഥികളും പൊട്ടിയ നിലയിലാണെന്നും കണ്ടെത്തി. വീഴ്ച്ചയിൽ ഉണ്ടായ പരിക്കുകളാണിതെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിവരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30ഓടെ സംസ്കാര ചടങ്ങുകൾ നടക്കും. ലക്കിടി തിരുവില്വാമല ഐവർമഠത്തിലാണ് സംസ്കാരം.
വിനോദസഞ്ചാരത്തിനായി ചിക്കമഗളൂരുവിൽയിൽ എത്തിയ ശ്രീനന്ദയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് നിന്ന് ഏകദേശം 1500 അടി താഴെയായിരുന്നു മൃതദേഹം. തെർമൽ ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തിയ മൃതദേഹം മലയടിവാരത്തിലേക്കുള്ള പരിശോധനയിലാണ് ലഭിച്ചത്.
കർണാടക പോലീസിന്റെ പ്രത്യേക സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
അതേസമയം, ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. അബദ്ധത്തിൽ ഇത്തരത്തിൽ താഴേക്ക് വീഴാൻ സാധ്യതയില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ആരെങ്കിലും അപായപ്പെടുത്തി ഇവിടെ എത്തിച്ചതാകാമെന്നാണ് ആരോപണം. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
