വോട്ടിങ് യന്ത്രങ്ങൾക്ക് കോൺഗ്രസ് കാവൽ; റിട്ടേണിങ് ഓഫിസർമാർക്കു കത്ത്

സ്‌ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷ നിരീക്ഷിക്കാന്‍ പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ട്രോങ് റൂമുകളുടെ സമീപത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും.സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ കത്ത് നല്‍കി.

             സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്.

          തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായത്. സ്ത്രീ വോട്ടർമാരുടെ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ വോട്ടർമാരിൽ 81.19 ശതമാനം പേരും വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടേത് 75.19 ശതമാനം മാത്രമാണ്. മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതൽ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകൾ കൂട്ടത്തോടെ ബൂത്തിലെത്താൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

         തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നൽകിയ കണക്കനുസരിച്ച് ആകെയുളള 1,39,21,868 സ്ത്രീ വോട്ടർമാരിൽ ‍1,13,03,164 പേർ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ-പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം തമ്മിൽ ആറ് ശതമാനത്തിൻ്റെ വ്യത്യാസമുണ്ട്. വോട്ട് കണക്ക് നോക്കിയാൽ പുരുഷ വോട്ടർമാരേക്കാൾ 13.6 ലക്ഷം കൂടുതൽ സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തതായി കണാം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 71.86 ശതമാനമായിരുന്നു. അതിനെക്കാൾ പത്ത് ശതമാനത്തോളം വർധനയാണ് ഇക്കുറി നിയമസഭ തെരഞ്ഞടുപ്പിൽ രേഖപ്പെടുത്തിയത്. സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളിൽ പോയത് ആകെ 1987ൽ മാത്രമാണ്. 80.58 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് അന്ന് ബൂത്തിലെത്തിയത്. പുരുഷ-സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനക്കണക്ക് തമ്മിൽ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമായാണ്.

Leave a Reply

Your email address will not be published.