മസ്തിഷ്ക മരണം: യുവതിയുടെ വൃക്ക വന്ദേഭാരതിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു

മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഒരു വൃക്ക വന്ദേഭാരത് എക്സ്പ്രസിൽ കോഴിക്കോട് എത്തിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് രാത്രി പത്തു മണിയോടെ ഒരു വൃക്ക കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുളള രോഗിക്കാണ് വൃക്ക നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്.

വൃക്ക കൊണ്ടുവരുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിലെ ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവിടെ നിന്നും വൃക്ക ഏറ്റുവാങ്ങിയാണ് ഡോക്ടർമാർ രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. തുടർന്ന് പൊലീസ് അകമ്പടിയോടെ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. ഇവിടെ വൃക്ക ആവശ്യമുള്ള അഞ്ചുപേരെ തയാറാക്കി നിർത്തിയിരുന്നു. ഇവരിൽ പരിശോധന നടത്തിയ ശേഷം യോജിച്ച ആളുടെ ശരീരത്തിലാണ് വൃക്ക ശസ്ത്രക്രിയയിലൂടെ ഉൾപ്പെടുത്തുന്നത്.

ജയിയുടെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള 14 കാരിക്ക് നൽകിയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനിയിലാണു ജയിയുടെ ഹൃദയം മിടിക്കുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.47 ന് ആണ് ഹൃദയം വഹിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉയർന്നത്. 2.42 ന് ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു. അവിടെനിന്ന് റോഡ് മാർഗം ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു.

തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജയിയുടെ ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജനൽ ഒഫ്ത്താൽമോളോജിയിലെയും രോഗികൾക്കാണ് നല്‍കിയത്.

Leave a Reply

Your email address will not be published.