ബാലുശ്ശേരി :നാടകനടനും, സംവിധായകനും ശബ്ദ കലാകാരനുമായ തങ്കയം ശശികുമാർ (55)വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ച രാത്രി 9.30 നോടെ പറമ്പിൻ മുകളിലുണ്ടായ സ്കൂട്ടർ അപകടത്തിൽ തലക്ക് പരിക്കേറ്റ് മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പരിപാടി കഴിഞ്ഞ് ഉള്ള്യേരി 19 ൽ സുഹൃത്തിനെ ഇറക്കി കോക്കല്ലൂർ ഭാഗത്തേക്ക് വരവേ മറ്റൊരു വാഹനം തട്ടിയാണ് അപകടമുണ്ടായത്. സ്കൂട്ടറിൻ്റെ ദിശയിൽവന്ന ഓട്ടോറിക്ഷ തട്ടിയിടുന്നദൃശ്യം സിസിടിവിയിൽനിന്ന് ലഭിച്ചെങ്കിലും അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചെറുപ്രായത്തിൽ നാടകത്തിലൂടെ അരങ്ങുത്തുവന്ന തങ്കയം ശശികുമാർ ഗാംഭീര്യമുള്ള ശബ്ദ കലാകാരനായിരുന്നു. മികച്ച ശബ്ദ കലാകാരനുള്ള ഖാൻകാവിൽപുരസ്കാരം ലഭിച്ചിട്ടുണ്ട്.
കലി ഗുല,മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ്സ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിംഗ്, വെള്ളപൊക്കം, സിന്ദൂരചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിതാവ് : പരേതനായ സി പി ഗോപാലൻ. മാതാവ്: ശാരദ. ഭാര്യ:ഷൈനി. മക്കൾ : അഭിനന്ദ് ( വിദ്യാർത്ഥി സെൻ്റ് സേക്രട്ട് കോളേജ് തേവര , എറണാകുളം) അഭിനയ (വിദ്യാർത്ഥി, മഹാരാജാസ് കോളേജ് എറണാകുളം). സംസ്ക്കാരം വ്യാഴം വൈകീട്ട് 5 ന് കോക്കല്ലൂർ മുത്തപ്പൻ തോടിനടുത്ത് വീട്ടുവളപ്പിൽ.
