സുതാര്യവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെയും തത്സമയ നിരീക്ഷണത്തിനായി വെബ്കാസ്റ്റിംഗ് സംവിധാനം ഒരുങ്ങി. ഇതിനായി കലക്ടറേറ്റിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച ജില്ലാതല കണ്‍ട്രോള്‍ റൂം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പോളിംഗ് ബൂത്തിലെ കമ്പാനിയന്‍ വോട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. പോളിംഗ് ബൂത്തുകളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
ബൂത്തുകള്‍ക്ക് അകത്തും പുറത്തുമായി സ്ഥാപിച്ച കാമറകളിലെ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമിലെ നൂറിലേറെ വരുന്ന വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാര്‍ തത്സമയം നിരീക്ഷിക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും ബൂത്തുകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ രണ്ട് വീതം വലിയ സ്‌ക്രീനുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നാലു വീതം വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കും. ഒരു സ്‌ക്രീനില്‍ ഒരേസമയം 12 കാമറകളിലെ ദൃശ്യങ്ങള്‍ വരെ കാണാനാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിന് പുറമെ, പോളിംഗ് ശതമാനം തത്സമയം അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍ എസ് അജിഷ, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ വരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
