ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 85 ശതമാനത്തിലധികം പോളിംഗ് ലക്ഷ്യമിട്ട് കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങള്‍ നടത്തുന്നത്. 

1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.5 ശതമാനം എന്ന ചരിത്രപരമായ വോട്ടിംഗ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. വോട്ടിംഗ് ശതമാനം ഉയർത്താൻ ബൂത്തുകൾ അലങ്കരിക്കൽ, പ്രത്യേക ബോധവൽക്കരണം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യങ്ങൾ തുടങ്ങിയ ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. 

മികച്ച വോട്ടിങ് അനുഭവം നൽകുന്നതിനായി പരിസ്ഥിതി സൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ മാതൃക പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി വോട്ടർമാരെ ആകർഷിക്കാണ് ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം. വായു-ശബ്ദ മലിനീകരണമില്ലാത്ത ശുചിത്വമുള്ള ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർമാർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലതെ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനായി പോളിംഗ് ബൂത്തുകളിൽ വോട്ടർ സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി വീൽചെയർ സൗകര്യം, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ് നടത്തും. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് ഇരിക്കാൻ കസേര എന്നിവയുമൊരുക്കും. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും സജ്ജമാണ്. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വോളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും

Leave a Reply

Your email address will not be published.