ഏപ്രില്‍ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
റേഡിയോ വഴിയുള്ള പ്രചാരണങ്ങള്‍ക്കും നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടനെ മണ്ഡലം വിട്ടു പോകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും ഈ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
