കോഴിക്കോട് : പേരാമ്പ്രയിലെ എല്‍ഡിഎഫ് വിവാദ അനൗണ്‍സ്‌മെന്റില്‍ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്ലയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പേരാമ്പ്രയില്‍ ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു.ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്മെന്റ് നടന്നത് സ്ഥാനാര്‍ത്ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തെഹ്‌ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
