യുവനടിയെ പീഡിപ്പിച്ച കേസിൽ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പീഡനം നടന്നതായി ആരോപിക്കുന്ന കാരവനും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

ഇതിന്റെ ഭാഗമായി പീഡനം നടന്ന ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടേയും മൊഴികൾ രേഖപ്പെടുത്തുകയാണ്. ചോദ്യം ചെയ്യലിൽ രഞ്ജിത്ത് ആരോപണങ്ങൾ നിഷേധിച്ചതായാണ് വിവരം.

പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിലാണ് നടപടി. ജനുവരി 30ന് സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് അതിജീവിതയുടെ മൊഴി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്.പി.യുടെ നിർദേശപ്രകാരം രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുൻപ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലെ കേസിൽ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതാണ് ഉടൻ അറസ്റ്റ് നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.