കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ജില്ലാഭരണകൂടം എൽഡിഎഫിനോട് വിശദീകരണം തേടും. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു. അനൗൺസ്മെന്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണെന്നും ഇതിന് തെളിവുണ്ടെന്നും അവർ വ്യക്തമാക്കി.
ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം ചൂണ്ടിക്കാട്ടി വോട്ട് തേടുന്നതായി സൂചിപ്പിക്കുന്ന തരത്തിലുള്ള അനൗൺസ്മെന്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പരാതി.
അതേസമയം, വിദ്വേഷപരാമർശങ്ങൾ അടങ്ങിയ അനൗൺസ്മെന്റ് ആരാണ് നടത്തിയതെന്ന് വ്യക്തമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. താൻ അറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഇത്തരം പ്രചാരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തട്ടെയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട വാഹനം ഏതാണ് എന്നതും തനിക്കറിയില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
