നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുന്ന പ്രചാരണ വിഡിയോകള്‍ക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) യില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. എ ഐ നിര്‍മിത വീഡിയോകള്‍, എഡിറ്റഡ് വീഡിയോകള്‍, രാഷ്ട്രീയ പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. എംസിഎംസി സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രചാരണ ക്രിയേറ്റീവുകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ താഴെ നിലയിലെ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നാണ് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ വാങ്ങേണ്ടത്. രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍, രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ റേഡിയോയിലോ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലോ സിനിമാ ഹാളുകളിലോ വീഡിയോ വാളുകളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അച്ചടി മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്കു മാത്രമേ അനുമതി ആവശ്യമുള്ളൂ എങ്കിലും ഇ-പേപ്പറുകളില്‍ അതിനു മുമ്പ് നല്‍കുന്ന പരസ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രചാരണ വിഡിയോകളില്‍ ആരാധനാലയങ്ങളും മത ചിഹ്നങ്ങളും ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രവര്‍ത്തങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ട ലംഘനമാണ്. അത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ ലേബലുകള്‍ ഉള്‍പ്പെടുത്തണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി. എംസിഎംസി ഫോണ്‍- 9745972753, ഇമെയില്‍- mediacellkozhikode@gmail.com.
