കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവം. ഇന്ന് വലിയ വിളക്ക്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് നാന്തകം എഴുന്നളളിക്കും. കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് ഇന്ന്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആചാരാനുഷ്ഠാന വരവുകളും ആഘോഷ വരവുകളും ക്ഷേത്രത്തിലെത്തുന്നത് വലിയ വിളക്ക് ദിവസമാണ്. രാവിലത്തെ കാഴ്ച ശീവേലിക്ക് കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നൽകി. തുടര്‍ന്ന് മന്ദമംഗലത്തു നിന്നുള്ള ഇളനീര് കുലവരവും വസൂരിമാല വരവും ക്ഷേത്രത്തില്‍ എത്തി. ചുട്ടുപൊള്ളുന്ന വെയിൽ ആയതിനാൽ ചൂട് കൂടുന്നതിന് മുമ്പേ വസൂരിമല വരവ് ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. വസൂരി മാല വരവ് ദർശിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
വൈകിട്ട് മൂന്നുമണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര് കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ് , കൊല്ലന്റെ തിരുവായുധ വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തില്‍ എത്തും. വൈകിട്ട് കാഴ്ച ശീവേലിയ്ക്ക് ഡോ. ശുകപുരം ദിലീപ് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇന്‍സ്ട്രുമെന്റല്‍ ലൈവ്. രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പാണ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കും. ഒന്നാം പന്തി മേളം പ്രമാണം ഡോ. ശുകപുരം ദിലീപും രണ്ടാം പന്തിമേള പ്രമാണം കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാരുമാണ്. വാദ്യ കലാകാരന്മാരായ കല്ലൂര്‍ ജയന്, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരന്, വിനയന് കൊയിലാണ്ടി, കല്ലുവഴി പ്രകാശന്, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്, നിഖില്‍ കൊളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മേളത്തില്‍ 150 കലാകാരന്മാര് അണിനിരക്കും.
പുലര്‍ച്ചെ വാളകം കൂടല്‍. ഏപ്രില്‍ മൂന്നിന് വെള്ളിയാഴ്ചയാണ് കളിയാട്ടം. രാവിലെ ദേവസംങ്കീര്‍ത്തനം ഭജന്‍സ്, വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാന്റെയും വരവുകള്‍, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം. തുടര്‍ന്ന് ക്ഷേത്രം കിഴക്കെ നടയിലൂടെ പിഷാരികാവിലമ്മ ഊരു ചുറ്റാനിറങ്ങും. നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റി തിരിച്ചു പാലച്ചുവടിലെത്തും. തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിന് ശേഷം ക്ഷേത്രത്തിലെത്തി കൃഷ്ണപക്ഷ ദ്വിതീയതയും ചോതി നക്ഷത്രവും കൂടിയ രാത്രി 11.30നും 12 മണിയ്ക്കും ഇടയിലുളള ശുഭമുഹൂര്‍ത്തത്തില്‍ വാളകം കൂടും.
