യു ഡി എഫ് മഹാവിജയം നേടും, കേരളം പുതുയുഗത്തിലേക്ക് പ്രവേശിക്കും: വി.എം സുധീരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മഹാവിജയം നേടുമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. കോതമംഗലം മേഖല യു ഡി എഫ് കുടുബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ കാണാത്ത ആവേശമാണ് യുഡിഎഫ് പ്രവർത്തകരിൽ ഉണ്ടാവുന്നത്. ഒറ്റക്കെട്ടോടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി ആഗ്രഹിക്കുന്നവർ പോലും പിണറായി സർക്കാർ മാറണമെന്ന് ആഗ്രഹിക്കുകയാണ്. ബംഗാളിന്റെ അവസ്ഥ പാർട്ടി പ്രവർത്തകർക്ക് മുന്നിലുണ്ട്. തൊഴിലാളികളും കർഷകരും നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് പണക്കാരും മൂലധനശക്തികളുമാണ് കയ്യടക്കി വെച്ചിരിക്കുന്നത്. മനുഷ്യജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറുകയാണ്. കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ യുവാവിനെ ഗുണ്ടകൾ വെട്ടിക്കൊന്നത് ഇതിന് ദൃഷ്ടാന്തം മാത്രം. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വ്യാപനം തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന എൽഡിഎഫ് ഗവൺമെൻ്റ് നാട്ടിലുടനീളം പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയിരിക്കുകയാണ്.

ശബരിമലയിൽ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഈ സ്വർണക്കൊള്ള അന്വേഷിക്കുകയോ കുറ്റക്കാരെ പിടികൂടുകയോ ചെയ്യാതെ മോഡി സർക്കാരും സ്വർണ്ണ കൊള്ളക്കാർക്ക് കൂട്ടുനിൽക്കുകയാണെന്ന് വി.എം സുധീരൻ കുറ്റപ്പെടുത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം ദൃശ്യ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ല ചെയർമാൻ വി.ഡി ജോസഫ്, യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ആഷിക്ക് ചൂലുർ, മുരളി തോറോത്ത്, യു ഡി എഫ് നഗരസഭ കൺവീനർ കെ.പി. വിനോദ് കുമാർ, വി.ടി. സുരേന്ദ്രൻ , രാമൻ ചെറുവക്കാട്ട്, കെ. വി. റീന, പി.വി. വേണുഗോപാൽ, എം .എം ശ്രീധരൻ, വയാനാരി സുദർശൻ, കെ.ടി. സുമ, അരുൺ മണമൽ, ടി. പി. കൃഷ്ണൻ, ഗിരിഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.