54 വർഷത്തിന് ശേഷം മനുഷ്യന്റെ ചന്ദ്രയാത്ര വീണ്ടും—Artemis II ചരിത്രം കുറിച്ച് മുന്നേറുന്നു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.

                ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രനെ തേടിയുള്ള മനുഷ്യന്റെ യാത്ര അരനൂറ്റാണ്ടിന് ശേഷം പുനരാരംഭിച്ചത്.1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമാണ് മറ്റൊരു ദൗത്യം നടക്കുന്നത്. മിഷൻ കമാൻഡർ നാസയുടെ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്. ആദ്യ 2 ദിവസം കൊണ്ട് 2 തവണ ഭൂമിയെ വലം വച്ച ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഒറയോൺ പേടകം പറക്കും.               

            ഏപ്രിൽ 6ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ. ഒരു ഘട്ടത്തിൽ മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിലേക്ക് ഒറയോണെത്തും. ഒരു തവണ ചന്ദ്രനെ വലം വച്ച ശേഷം ഏപ്രിൽ 10 ന് ഭൂമിയിലേക്ക് മടക്കം. പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നതോടെ ദൗത്യം പൂർണം.ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ​ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. ദൗത്യം  വിജയമായാൽ പിന്നെ എല്ലാ കണ്ണുകളും ആർട്ടെമിസ് നാലിലേക്കാണ്. മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്ന നിർണായക ദൗത്യത്തിനായി ലോകം കാത്തിരിക്കുകയാണ്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ആർട്ടിമിസ് 2 കരുത്താകുകയാണ്.

Leave a Reply

Your email address will not be published.