കാലിക്കറ്റ് സർവകലാശാലയിൽ 98 വർഷം പഴക്കമുള്ള അപൂർവ്വ സിനിമകളുടെ പ്രദർശനം

 മലയാള ദൃശ്യമാധ്യമ സംസ്കാരത്തിന്റെ രൂപീകരണ ഘട്ടത്തിലേക്കും സാമൂഹിക ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന അപൂർവ്വമായ രാജ്യാന്തര നിശബ്ദ സിനിമകളുടെ പ്രദർശനം കാലിക്കറ്റ് സർവകലാശാലയിൽ നടന്നു. പ്രമുഖ ജർമൻ ഫിലിം ഓപ്പറേറ്ററും ഫോട്ടോഗ്രാഫറുമായ വിൽഹം ഡാച്വിറ്റി, 98 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇന്ത്യയിൽ ഇതാദ്യമായി പ്രദർശിപ്പിച്ചത്. സ്വിറ്റ്‌സർലൻഡ് നാഷണൽ ഫിലിം ആർക്കൈവിന്റെ സഹകരണത്തോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റാണ് ഈ ചരിത്ര പ്രദർശനം സംഘടിപ്പിച്ചത്.

                മിഷനറി പ്രവർത്തനങ്ങളുടെ രേഖാചരിത്രം എന്നതിലുപരി, കൊളോണിയൽ അനുഭവങ്ങളോടുള്ള ആധുനിക മലയാളി സമൂഹത്തിന്റെ വൈകാരികവും ബൗദ്ധികവുമായ പ്രതികരണത്തിന്റെ കൂടി വേദിയായി പ്രദർശനം മാറി. കൊളോണിയൽ ചരിത്രത്തിന്റെയും കോളനിയാനന്തര സാമൂഹികാവബോധത്തിന്റെയും സംഗമഭൂമിയായി മാറിയ ഈ പ്രദർശനം, മലബാറിന്റെ സാമൂഹിക ജീവിതത്തിലെ വിസ്മൃതിയിലാണ്ടുപോയ ഒട്ടേറെ അടരുകളെ പുനർവായിക്കാനുള്ള അവസരമാണ് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുക്കിയത്.

              മലബാറിലെ നെയ്ത്ത്, ഓട് നിർമ്മാണം തുടങ്ങിയ പുതിയ തൊഴിൽ മേഖലകളുടെ തുടക്കം, വസ്ത്രധാരണ രീതിയിലും ചികിത്സാ രീതികളിലും സംഭവിക്കുന്ന മാറ്റങ്ങൾ, പുതിയ സാങ്കേതിക വിദ്യയുടെയും ഉപഭോഗ വസ്തുക്കളുടെയും ലഭ്യത, നിർമ്മാണ മേഖലയിലെ രൂപകല്പനയിലും അതിനുപയോഗിക്കുന്ന വസ്തുവകകളിലും വരുന്ന മാറ്റങ്ങൾക്ക് പുറമെ, ജാതി വ്യവസ്ഥ, മതപരിവർത്തനം സൃഷ്‌ടിച്ച സംഘര്ഷങ്ങളും സാമൂഹിക മാറ്റങ്ങളും കാർഷിക, ഗതാഗത രംഗത്തെ മാറ്റം എന്നിങ്ങനെ പല മേഖലകളിലേക്കും സിനിമ വെളിച്ചം വീശുന്നുണ്ട്. മലബാറിലെ സാമൂഹിക ജീവിതത്തെ പാശ്ചാത്യ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ സിനിമകളിൽ മിഷനറിമാർക്ക് പുറമെ തദ്ദേശീയരായ ക്രിസ്ത്യാനികളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

           സിനിമകളുടെ പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയത്തിൽ പ്രൊഫ. ഫിലിപ്പ് ബോർനെ, ഡോ. ഇ എസ് മുഹമ്മദ് അസ്‌ലം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇൻഡോ-യൂറോപ്യൻ സാംസ്കാരിക വിനിമയത്തിൽ സിനിമ എന്ന മാധ്യമം നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രൊഫ. ഫിലിപ്പ് ബോർനെ നിരീക്ഷിച്ചു.അധിനിവേശം, സാമൂഹിക മാറ്റം എന്നീ ലളിതമായ ദ്വന്ദങ്ങൾക്കപ്പുറം നിന്ന് വേണം ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളെ വിലയിരുത്താനെന്ന് ഡോ. ഇ എസ് മുഹമ്മദ് അസ്‌ലം അഭിപ്രായപ്പെട്ടു. കൊളോണിയലിസത്തെയും ഇവാഞ്ചലിക്കൽ മിഷനറി പ്രവർത്തനങ്ങളെയും ഒരേ കണ്ണിലൂടെ കാണുന്നത് അവയ്ക്കിടയിലുള്ള സങ്കീർണ്ണതകളെയും ആഭ്യന്തര സംഘർഷങ്ങളെയും മനസ്സിലാക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. കെ എ നുഐമാൻ സിമ്പോസിയം തീം പേപ്പർ അവതരിപ്പിച്ചു. ഡോ. ലക്ഷ്മി പ്രദീപ് അധ്യക്ഷനായിരുന്നു. റിസ റാസ്‌ സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.