കോഴിക്കോട് : ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ നിന്നും മോഷണം നടത്തിയ കേസിലെ പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി തരിശിൽ വീട്ടിൽ സുരേഷിനെ (31) അറസ്റ്റ് ചെയ്തു. മാർച്ച് 20ന് പുലർച്ചെ കോഴിക്കോട് ബീച്ച് റോഡിലുള്ള ഹോട്ടലിന്റെ മുൻവശത്തുള്ള ജനൽ ഗ്ലാസ് പൊട്ടിച്ച് പ്രതി മേശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും 9,700 രൂപയും മോഷ്ടിക്കുകയായിരുന്നു.തുടർന്ന് ലഭിച്ച പരാതിയിൽ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പറ്റി മനസ്സിലാക്കി.
ഇയാൾ മുക്കം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മറ്റൊരു മോഷണ കേസിൽ പിടിയിലായിട്ടുണ്ടെന്നും നിലവിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്നതായും അറിഞ്ഞതോടെ പ്രതിയെ ബീച്ച് ഹോട്ടലിലെ മോഷണക്കേസിൽ കൂടി പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ നിരവധി മോഷണക്കേസുകളും ലഹരിമരുന്നു കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
