രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന ആറംഗ സംഘം പോലീസ് പിടിയിൽ

രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന ആറംഗ സംഘം പോലീസ് പിടിയിലായി. ഇവരിൽ നിന്ന് 21.77 ഗ്രാം എംഡിഎംഎയും ലഹരി വിറ്റുകിട്ടിയ 22,800 രൂപയും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും സംയുക്തമായാണ് പ്രതികളെ പിടിച്ചത്. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈൻ, എം. അഭിനവ്, പി. അക്ഷിത്ത്, എ. റിഥുൻ എന്നിവരും കോഴിക്കോട് ചാലിയം സ്വദേശി അബു താഹിർ, ഫറോക്ക് ചുങ്കം സ്വദേശി കെ.കെ. സിറാജ്ജുദ്ധീൻ എന്നിവരുമാണ് അറസ്റ്റിലായത്.
സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ബംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാമനാട്ടുകരയിലെ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിലാണ് വിൽപന നടത്തിയ ഇവരെ  കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘം  നിരീക്ഷിക്കുകയായിരുന്നു.
പിടിയിലായവരിൽ ഷാഹിദ് ഹുസൈനും അബു താഹിറും സ്ഥിരം ലഹരി വിൽപനക്കാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽ വച്ച് ഇവർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ആറുമാസം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published.