കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് തുടങ്ങും

കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് തുടങ്ങും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയം ജൂൺ 16 മുതൽ 30 വരെയാണ്. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെ വീടുകയറിയുള്ള ഹൗസ്‌ ലിസ്റ്റിങ് ഓപ്പറേഷൻ (എച്ച്എൽഒ) നടക്കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്.

രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങൾ (പോപ്പുലേഷൻ എന്യൂമറേഷൻ–പിഇ) ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. ഇതിനൊപ്പമായിരിക്കും ജാതി സെൻസസ് നടക്കുക. ഇത് 2027 ഫെബ്രുവരിയിലായിരിക്കും. ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് വിജ്ഞാപനം ചെയ്യും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായാണ് സെൻസസിൽ ജാതി കണക്കെടുപ്പ് നടക്കുന്നത്. 1931ലാണ് സമാനമായ ജാതി സെൻസസ് നടന്നത്.

കർണാടക, ഗുജറാത്ത് അടക്കം 11 സംസ്ഥാനങ്ങളിൽ ആദ്യഘട്ട സെൻസസിന്റെ സെൽഫ് എന്യുമറേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഈ സംസ്ഥാനങ്ങളിൽ ഏപ്രിൽ 16 മുതലാണ് ഹൗസ് ലിസ്റ്റിങ് തുടങ്ങുന്നത്. അതത് സംസ്ഥാനങ്ങളിലെ സൗകര്യം പരിഗണിച്ചാണ് തീയതി തീരുമാനിച്ചിരിക്കുന്നത്. രാജ്യമാകെ 2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള 30 ദിവസമാണ് ആദ്യഘട്ട കണക്കെടുപ്പിന് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് അവസാനമായി സെൻസസ് നടന്നത് 2011ലാണ്.

ഹൗസ് ലിസ്റ്റിങ് ഇങ്ങനെ

ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) ആദ്യഘട്ടമായ ഹൗസ്‌ ലിസ്റ്റിങ് ഓപ്പറേഷനിൽ (എച്ച്എൽഒ) 33 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. ഒന്നുകിൽ ജൂൺ 16 മുതൽ ഓൺലൈൻ പോർട്ടൽ വഴിയോ (se.census.gov.in) ജൂലൈ ഒന്നിനു ശേഷം വീട്ടിലെത്തുന്ന എന്യൂമറേറ്റർമാരുടെ പക്കലോ വിവരങ്ങൾ നൽകാം. പോർട്ടൽ വഴിയാണ് വിവരം നൽകിയതെങ്കിൽ, വിവരം സബ്മിറ്റ് ചെയ്ത ശേഷം ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് കൈമാറണം. ഇത് പരിശോധിച്ചുറപ്പാക്കിയ ശേഷം വിവരം ഔദ്യോഗികമായി ചേർക്കും. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ എന്യുമറേറ്റർമാർ വീട്ടിലെത്തുമ്പോൾ ചുവടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ മതി.

ചോദ്യങ്ങൾ ഇവയാണ്

1. കെട്ടിട നമ്പർ

2. സെൻസസ് ഹൗസ് നമ്പർ

3. വീടിന്റെ നിലം

4. ചുമരുകൾ

5. മേൽക്കൂര

6. വീടിന്റെ ഉപയോഗം (താമസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ)

7. താമസിക്കാനല്ലെങ്കിൽ വീടിന്റെ അവസ്ഥ

8. കുടുംബ നമ്പർ

9. പതിവായി താമസിക്കുന്നവരുടെ എണ്ണം

10. കുടുംബനാഥന്റെ (നാഥയുടെ) പേര്

11. ആണോ പെണ്ണോ

12. പട്ടിക വിഭാഗം, മറ്റുള്ളവ

13. വീട് സ്വന്തമാണോ വാടകയ്ക്കോ

14. കുടുംബം താമസിക്കാൻ ഉപയോഗിക്കുന്ന മുറികളുടെ എണ്ണം

15. ദമ്പതികളുടെ എണ്ണം

16. കുടിവെള്ള സ്രോതസ്സ്

17. കുടിവെള്ളത്തിന്റെ ലഭ്യത

18. വെളിച്ചത്തിന്റെ സ്രോതസ്സ്

19. കക്കൂസ്

20.ഏതുതരം കക്കൂസ്

21. മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനം

22. കുളിമുറി

23. എൽപിജി / പിഎൻജി കണക്‌ഷൻ

24. പാചകത്തിനുളള പ്രധാന ഇന്ധനം

25. റേഡിയോ

26. ടിവി

27. ഇന്റർനെറ്റ്

28. ലാപ്‌ടോപ്, കംപ്യൂട്ടർ,

29. ടെലിഫോൺ / മൊബൈൽ ഫോൺ / സ്മാർട്ഫോൺ

30. സൈക്കിൾ/ സ്കൂട്ടർ/ മോട്ടോർസൈക്കിൾ/ മൊപ്പഡ്,

31. കാർ/ ജീപ്പ്/ വാൻ

32. പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം

33. മൊബൈൽ നമ്പർ (സെൻസസ് സംബന്ധമായ ആശയവിനിമയത്തിനു മാത്രം)

Leave a Reply

Your email address will not be published.