തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ഏപ്രിൽ നാലാം തീയതി അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ റോഡ് ഷോയും തിരുവല്ലയിലെ കൂറ്റൻ പൊതുസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന പരിപാടികൾ.
തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പരിപാടിയിൽ ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും അണിനിരക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നേരത്തെ പാലക്കാട്ടെ പൊതുപരിപാടിയിലും തൃശൂരിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പത്ത് പ്രധാന നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് തിരുവല്ലയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
