രാജ്യത്ത് വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വർധനവ്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 195 രൂപ വർധിച്ച് 2,078.50 രൂപയായി. എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഇതോടൊപ്പം വിമാന ഇന്ധനത്തിനും (ATF) വില ഉയർന്നതോടെ, അടുത്ത ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളും കുതിച്ചുയരാൻ സാധ്യതയുണ്ട്. ഒരു മാസത്തിനിടെ വിമാന ഇന്ധനവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് നിലവിൽ 913 രൂപയാണ് വില. അവസാനമായി മാർച്ച് 7നാണ് ഗാർഹിക സിലിണ്ടർ നിരക്ക് പരിഷ്കരിച്ചത്.
ആഗോള സാഹചര്യങ്ങളാണ് വിലവർധനവിന് പ്രധാന കാരണം. ലോകത്തിലെ ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസപ്പെട്ടത് വിപണിയെ ബാധിച്ചു. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യം രൂപപ്പെട്ടു.
വിതരണ ശൃംഖല താളം തെറ്റിയതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും, അതിന്റെ പ്രതിഫലനമായാണ് രാജ്യത്ത് ഇന്ധന-ഗ്യാസ് വില വർധനവ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
