കെ.കെ. രമയുടെ ചുമരെഴുത്തിൽ കരി ഓയിൽ പ്രയോഗം: പോലീസിൽ പരാതി നൽകി

കെ.കെ. രമയുടെ ചുമരെഴുത്തിൽ കരി ഓയിൽ പ്രയോഗം. വടകര വെള്ളികുളങ്ങര ടൗണിലെ മതിലിൽ എഴുതിയ തിരഞ്ഞെടുപ്പ് പരസ്യമാണ് തിങ്കളാഴ്ച രാവിലെ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടത്. സംഭവത്തിൽ ആർഎംപിഐ ചോമ്പാല പോലീസിൽ പരാതി നൽകി. പരാജയഭീതി പൂണ്ട ഇടതുപക്ഷമാണ്  സംഭവത്തിന് പിന്നിലെന്ന് ആർഎംപിഐ ആരോപിച്ചു.

ടൗണിലെ പ്രധാന ചുമരെഴുത്തുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഇത് വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ചോമ്പാൽ ഹാർബറിൽ പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ പൊതുജനങ്ങൾ തടഞ്ഞുവെച്ചു എന്ന രീതിയിലുള്ള നിർമ്മിത ബുദ്ധി (AI) വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും കെ.കെ. രമ വ്യക്തമാക്കി.

 

സോഷ്യൽ മീഡിയയിലൂടെ അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.കെ. രമ റൂറൽ എസ്പിക്ക് പരാതി നൽകി. വടകരയിൽ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ സ്ഥാനാർത്ഥികൾക്കെതിരെ നടക്കുന്ന സൈബർ-ഭൗതിക ആക്രമണങ്ങൾ പോലീസിന് വലിയ തലവേദനയാകുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് സൈബർ സെൽ അറിയിച്ചു.

Leave a Reply

Your email address will not be published.