ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന കന്നി വോട്ടർമാർക്ക് മധുരപലഹാരം വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. യുവ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു ആകർഷിക്കുവാനാണ് ഹൽവ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലെ വിവരമനുസരിച്ച് ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്കാണ് ഹൽവ വിതരണം ചെയ്യുക.
ജില്ലകളിലെ തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. യുവജനങ്ങളെ വോട്ടെടുപ്പിലേക്ക് ആകർഷിക്കുകയും, ജനാധിപത്യപ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ കന്നി വോട്ടർമാർ മറക്കരുതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
