ശബരിമലയിൽ അരിവാരലിനിടെ പണം മോഷണം; അഞ്ച് ദിവസവേതനക്കാർ പിടിയിൽ

 ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരി വാരുന്നതിനിടെ, അരിയ്‌ക്കൊപ്പം വീഴുന്ന പണം മോഷ്ടിച്ച് സന്നിധാനം പോസ്‌റ്റോഫീസ് വഴി വീട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെയുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് മോഷണം നടന്നത്.പോസ്‌റ്റോഫീസ് വഴി അസാധാരണമായവിധം പണം നാട്ടിലേക്ക് അയച്ചെന്ന് കണ്ടെത്തിയത്തിനെത്തുടർന്ന് ദേവസ്വം വിജിലൻസ്, ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് എടുക്കുകയായിരുന്നു.

                           അടൂർ ചൂരക്കോട് സ്വദേശി ആർ. പ്രദീപ്, തിരുവനന്തപുരം വിതുര സ്വദേശി ബിജുകുമാർ, കൊല്ലം നെടുവത്തൂർ സ്വദേശി എസ്. ബൈജു, പുനലൂർ കരവാളൂർ സ്വദേശികളായ ആർ. അജിമോൻ, അരുൺ കൃഷ്ണൻ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. പ്രതികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന.650 രൂപയാണ് ദിവസവേതനക്കാരുടെ കൂലി. ഇത് മകരവിളക്ക് കഴിയുമ്പോൾ ഒന്നിച്ച് അക്കൗണ്ടിൽ നൽകാറാണുള്ളത്. ഇതാണ് നേരായ വഴിയിലുള്ള പണമല്ലെന്ന് ദേവസ്വം വിജിലൻസും പോലീസും കരുതാൻ കാരണം.

                 സന്നിധാനത്തെ പോേസ്റ്റാഫീസ്, രണ്ട് ബാങ്കുകളുടെ ശാഖകൾ എന്നിവയിലൂടെ പണം അയച്ചവരുടെ വിവരങ്ങൾ ദേവസ്വംവിജിലൻസ് പരിശോധിച്ചു. സംശയമുള്ളവരെ ബന്ധപ്പെട്ടപ്പോഴാണ്, ഈ അഞ്ചുപേർ അരിവാരലിനിടെ പണം മോഷ്ടിച്ചെന്ന് വിജിലൻസിനോട് സമ്മതിച്ചത്. ഇതേത്തുടർന്ന് കേസ് പോലീസിന് കൈമാറുകയായിരുന്നു.ദേവസ്വം വിജിലൻസിന്റെ പരിശോധന തുടരുന്നുമുണ്ട്. പണം അയച്ചവരിൽ ഇത്തരത്തിൽ മോഷണം നടത്തിയവർ ഇനിയുമുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. കേസിൽ പ്രതികളായ അഞ്ചുപേരുംകൂടി അയച്ചത് 3.79 ലക്ഷം രൂപയാണ്.

               ആർ. പ്രദീപ് 1.38 ലക്ഷം രൂപയും ബിജുകുമാർ 1.07 ലക്ഷം രൂപയും എസ്.ബൈജു 52, 700 രൂപയും ആർ. അജികുമാർ 47,400 രൂപയും അരുൺകൃഷ്ണൻ 27, 910 രൂപയുമാണ് അയച്ചതെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങിയത്.മഞ്ഞളും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ നാട്ടിലേക്ക് അയയ്ക്കുന്നതായി സന്നിധാനത്തെ പോസ്റ്റോഫീസ്‌ ജീവനക്കാരാണ് എക്‌സിക്യുട്ടീവ് ഓഫീസർക്ക് വിവരം നൽകിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്കും റിപ്പോർട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published.