കോഴിക്കോട് : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജില്ലയിലെ നാലു മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. കണ്ണൂരിലെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് കല്ലാച്ചിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. 1.30ന് പേരാമ്പ്രയിൽ കോർണർ മീറ്റിങ്. 2.40 ന് ബാലുശ്ശേരി മുതൽ നന്മണ്ട വരെ ഗാരന്റി ബസ് യാത്രയിലും 3.50ന് കൊയിലാണ്ടിയിൽ റോഡ് ഷോയ്ക്കു ശേഷം പൊതു സമ്മേളനത്തിലും പങ്കെടുക്കും.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
രാഹുൽ ഗാന്ധിയുടെ വരവിനെ തുടർന്ന് ഇന്ന് 10 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വടകര ഭാഗത്തു നിന്നു കുറ്റ്യാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ കുനിങ്ങാട്, തണ്ണീർപന്തൽ, ചേലക്കാട് വഴിയും കുറ്റ്യാടി ഭാഗത്തു നിന്നു വടകര ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ടിൽ തിരിച്ചും പോകണം. തലശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ആവോലം റോഡ്, മിനി ബൈപാസ് വഴി പയന്തോങ് ഭാഗത്തേക്കു പോകണം. പരിപാടിക്ക് എത്തുന്ന വാഹനങ്ങൾ വാണിമേൽ റോഡിലെ ലൂളി ഗ്രൗണ്ട്, കോർട്ട് റോഡ്, എംഇടി കോളജ് റോഡ് തുടങ്ങിയവിടങ്ങളിൽ പാർക്ക് ചെയ്യണം. മെയിൻ റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് അടക്കം പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
കല്ലാച്ചിയിൽ 12:30ന്
നാദാപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കല്ലാച്ചിയിൽ എത്തുന്നതിന്റെ ആവേശത്തിൽ യുഡിഎഫ് ക്യാംപും പ്രവർത്തകരും. യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന രാഹുൽ 12നു പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങും. 12.30നു കല്ലാച്ചി മാരാം വീട്ടിൽ മൈതാനിയിലെ സമ്മേളനത്തിൽ പ്രസംഗിക്കും. 11ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ജനറൽ കൺവീനർ മോഹനൻ പാറക്കടവ് എന്നിവർ പറഞ്ഞു. സോണിയാ ഗാന്ധിയുടെ അനാരോഗ്യം മൂലം കോഴിക്കോട്ടെ മഹാറാലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നില്ല.
നെഹ്റു കുടുംബത്തിലെ അംഗം ഇതാദ്യമായാണ് നാദാപുരത്ത് എത്തുന്നത്. സമ്മേളനത്തിനു ശേഷം റോഡ് മാർഗം കുറ്റ്യാടി വഴി രാഹുൽ പേരാമ്പ്രയ്ക്കു തിരിക്കും. പേരാമ്പ്രയിലും കൊയിലാണ്ടിയിലും യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം രാഹുൽ റോഡ് ഷോ നടത്തും. കല്ലാച്ചിയിൽ സംസ്ഥാന പാതയിൽ നിർമാണം നടക്കുന്നതും റോഡ് സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് ഇവിടെ രാഹുലിന്റെ റോഡ് ഷോ ഒഴിവാക്കിയത്.
രാഹുലിന്റെ വരവിനു മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ, സെക്രട്ടറി സൂരജ് സിങ് ഠാക്കൂർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി എന്നിവർ ഇന്നലെ കല്ലാച്ചിയിലും പുറമേരിയിലുമെത്തി ഒരുക്കങ്ങൾ പരിശോധിച്ചു. ഇന്നലെ കുമ്മങ്കോട്ടു നിന്നു നാദാപുരത്തേക്ക് സ്ഥാനാർഥി കെ.എം.അഭിജിത്തും യുഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എംപി അടക്കം പങ്കെടുത്തു.
പേരാമ്പ്രയില്‍ ഒരുമണിക്ക്
പേരാമ്പ്ര ∙ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ പേരാമ്പ്രയിൽ ഒരുക്കങ്ങൾ സജീവം. ഇന്ന് 1ന് രാഹുൽ ഗാന്ധി പേരാമ്പ്രയിൽ എത്തും. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് എത്തുന്നത്. ഉച്ചയ്ക്ക് 12ന് കല്ലാച്ചിയിൽ പ്രത്യേകം തയാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി യുഡിഎഫ് പ്രചാരണ വാഹനമായ ഇന്ദിര ഗാരന്റി ബസിൽ റോഡ് മാർഗമാണ് പേരാമ്പ്രയിൽ എത്തുക. പേരാമ്പ്ര ചെമ്പ്ര റോഡിൽ മാർക്കറ്റ് ഫെഡ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
ബാലുശ്ശേരിയിൽ 2ന്
ബാലുശ്ശേരി ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2ന് ബാലുശ്ശേരിയിലും 2.30ന് നന്മണ്ടയിലും പ്രചാരണം നടത്തും. ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ടി.സൂരജിനു വേണ്ടിയും നന്മണ്ടയിൽ എലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണനു വേണ്ടിയുമാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുക. നന്മണ്ട സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമെന്ന് ആദ്യം യുഡിഎഫ് നേതാക്കൾ പറഞ്ഞെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. വൈകുണ്ഠം മുതൽ ബാലുശ്ശേരി മുക്ക് വരെയും അവിടെ നിന്നു നന്മണ്ട വരെയും റോഡ് ഷോ ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
കൊയിലാണ്ടിയിൽ 4ന്
കൊയിലാണ്ടി ∙ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. പ്രവീൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ലോക സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് 4 ന് കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തും. പഴയ ചിത്ര ടാക്കീസിന് സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ, കെപിസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി ഭാരവാഹികൾ റോഡ് ഷോയിൽ അണിനിരക്കും.
