തിരുവങ്ങൂരിലും പൂക്കാടിലും ചെങ്ങോട്ടുകാവിലും നിർമ്മിച്ച അടിപ്പാതകൾക്ക് മുകളിലൂടെ വാഹനങ്ങൾ കടത്തി വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് തെൻഹിർ കൊല്ലം ആവശ്യപ്പെട്ടു. അവധിക്കാലമായതോടെ ദേശീയപാതയിൽ വാഹനക്കുരുക്കാണ്. ഒരാഴ്ചയിലധികമായി തിരുവങ്ങൂർ ഭാഗത്ത് വൈകുന്നേരങ്ങളിൽ വൻ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. അടിയന്തര ചികിത്സ ആവശ്യമായ രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത വിധം അതിരൂക്ഷമാണ് യാത്ര ദുരിതം. കാലങ്ങളായി വാഹന യാത്രക്കാർ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തിരുവങ്ങൂരില്‍ കുനിയില്‍ക്കടവ് റോഡിലേക്ക് തിരിയുന്നിടത്ത് അടിപ്പാത നിര്‍മ്മിച്ചിട്ട് രണ്ടര വര്‍ഷത്തോളമായി. ഇതിനിടയില്‍ അടിപ്പാതയുടെ ഇരുവശത്തെ കോണ്‍ക്രീറ്റ് പാനല്‍ മതിലുകള്‍ക്ക് ബലക്ഷയവും വിള്ളലും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കി വീണ്ടും നിര്‍മ്മിച്ചിട്ടും മാസങ്ങളായി. എന്നാല്‍ അടിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഇനിയും കടത്തി വിട്ടിട്ടില്ല. ഇതേ വിഷയമാണ് പൂക്കാടിലും ചെങ്ങോട്ടുകാവിലും ഉള്ളത്. പൂക്കാടില്‍ അടിപ്പാതയ്ക്ക് മുകളിലൂടെ ഗാതഗതം തിരിച്ചു വിട്ടിരുന്നെങ്കിലും പ്രവൃത്തി പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് ഗാതഗതം വീണ്ടും താഴെ സര്‍വ്വീസ് റോഡിലൂടെ ആക്കിയിരിക്കുകയാണ്. ചെങ്ങോട്ടുകാവില്‍ നന്തി ബൈപ്പാസ് തുടങ്ങുന്നിടത്ത് അണ്ടര്‍പാസ് നിര്‍മ്മിച്ചിട്ടും മൂന്ന് വര്‍ഷത്തോളമായി.

ദേശീയപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻ എച്ച് എ ഐ യും കരാർ കമ്പനിയും തയ്യാറാകണം . അല്ലാത്തപക്ഷം യുവജനങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് തെൻഹീർ കൊല്ലം മുന്നറിയിപ്പ് നൽകി.
