രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തോടു കിടപിടിക്കുന്ന മാതൃകയിൽ വൻകിട വിദേശ കപ്പലുകൾ എത്തിചേരാനുതകുന്ന വിധത്തിൽ ബേപ്പൂർ തുറമുഖം വികസിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതോടു കൂടി വൻ വ്യവസായ വിപ്ലവത്തിന് വഴിതെളിയുകയാണ് ഇവിടെ. പൊതുമേഖലയിലും സ്വകാര്യ പങ്കാളിത്തം വഴിയും തുറമുഖ വികസനം നടപ്പിലാകുന്നതോടെ ബേപ്പൂർ ഒരു സമഗ്ര പോർട്ട് സിറ്റിയായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര പദവിയിലേക്ക് തുറമുഖം പ്രവേശിക്കുന്നതോടെ നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും
നിലവിൽ ജോലി ചെയ്യുന്നവരുടെ വരുമാനം വർധിക്കാനും വികസനം ഇടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൻകിട വിദേശ കപ്പലുകൾ തുറമുഖ വാർഫിലേക്ക് നേരിട്ടെത്തി നങ്കൂരമിടാൻ പാകത്തിൽ ചാലിയാറിൽ കപ്പൽചാൽ ആഴം കൂട്ടും. തുറമുഖ വികസനത്തിൽ കൂടുതൽ നിക്ഷേപങ്ങളും അനുബന്ധ വ്യവസായങ്ങളും വരുന്നതോടെ രാജ്യത്തെ എണ്ണപെട്ട തുറമുഖമായി ബേപ്പൂരിനെ മാറ്റുകയാണ് ലക്ഷ്യം. തുറമുഖം അന്താരാഷ്ട്ര മാതൃകയിലേക്ക് ഉയർത്താനുള്ള മാർഗനിർദേശങ്ങൾ ഉൾപെടുന്ന നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ വർഷംതന്നെ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടുകൂടി കേരളം പൂർണ്ണമായും തുറമുഖ കേന്ദ്രീകൃത സംസ്ഥാനമെന്ന നിലയിൽ വൻ പുരോഗതിയിലേക്കു നീങ്ങും.
തുറമുഖം യാഥാർഥ്യമാകുന്നതോടെ മംഗളുരു, ഗുജറാത്ത് പോർട്ടുകളുമായി കൂട്ടിയിണക്കിയുള്ള പ്രവർത്തനത്തിനും സാധ്യതയേറെയുണ്ടെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന. കൂടാതെ, ബേപ്പൂരിനെ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായി കൂട്ടിചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ സംസ്ഥാനത്ത് വ്യാപാര, വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടങ്ങൾക്കും വഴിയൊരുങ്ങും. ടൂറിസത്തിന്റെ ഭാഗമായി ക്രൂയിസ് കപ്പൽ സർവിസ് ആരംഭിക്കുന്നതോടെ ബേപ്പൂർ മെച്ചപെട്ട പോർട്ട് സിറ്റിയായി മാറുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.ബേപ്പൂർ പോർട്ടിന് കേന്ദ്ര സർക്കാറിന്റെ ഐ എസ് പി എസ് അംഗീകാരം ലഭിച്ചത് ഈ സർക്കാറിന്റെ കാലത്താണ്. വിദേശ കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കാൻ സജ്ജീകരിക്കേണ്ട സുരക്ഷാ സംവിധാനത്തിനാണ് ഈ അംഗീകാരം ലഭ്യമായത്.
