കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു ‘ലക്ഷ്വറി യാത്ര’ ഒരുക്കി കെഎസ്ആർടിസി തുടങ്ങിയ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസുകൾ നഷ്ടത്തിൽ. സാധാരണ സൂപ്പർഫാസ്റ്റുകളിൽനിന്നു വ്യത്യസ്തമായി സ്റ്റോപ്പുകൾ, റണ്ണിങ് ടൈം എന്നിവ ചുരുക്കി ഇന്ധനച്ചെലവു കുറയ്ക്കാനും അതുവഴി ലാഭത്തിലാക്കാനും നടത്തിയ ശ്രമമാണു വിനയായത്. പ്രതിദിനം അരലക്ഷം രൂപ വരെ ലഭിച്ചിരുന്ന ദീർഘദൂര സർവീസുകളുടെ വരുമാനം നേർപകുതിയായി കുറഞ്ഞെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
സൂപ്പർഫാസ്റ്റുകൾ ഓടിയിരുന്ന ദീർഘദൂര റൂട്ടുകളാണു പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾക്കായി വഴിമാറിയത്. കഴിഞ്ഞ ഡിസംബറിൽ പുതിയ 60 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകളാണ് എത്തിയത്. സൂപ്പർഫാസ്റ്റിനെക്കാൾ 5% ചാർജ് കൂടുതലാണു പ്രീമിയത്തിൽ. സാധാരണ സൂപ്പർഫാസ്റ്റ് ബസുകളെ അപേക്ഷിച്ച് പ്രീമിയം സൂപ്പർ ഫാസ്റ്റിൽ സ്റ്റോപ്പുകളുടെ എണ്ണം പകുതിയിലധികമായാണു കുറച്ചത്. ദേശീയപാതയിലെ സ്റ്റോപ്പുകൾ 107ൽനിന്ന് 44ലേക്കും എംസി റോഡിലേത് 108ൽനിന്ന് 46ലേക്കും കുറച്ചു. ദീർഘദൂര സർവീസുകളിൽ 4 ഡ്യൂട്ടി നൽകിയിരുന്നത് പ്രീമിയം സൂപ്പർഫാസ്റ്റ് ആയതോടെ 3 ആയി കുറഞ്ഞതായി ജീവനക്കാർക്കു പരാതിയുണ്ട്.
