പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹ്യമാദ്ധ്യമം വഴി അധിക്ഷേപിച്ച പ്രതിയ്ക്ക് മാനസികപ്രശ്നമെന്ന് കണ്ടെത്തൽ

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹ്യമാദ്ധ്യമം വഴി അധിക്ഷേപിച്ച പെരിന്തൽമണ്ണ സ്വദേശിയായ പ്രതിയ്ക്ക് മാനസികപ്രശ്നമെന്ന് പോലീസ് കണ്ടെത്തൽ. പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.  യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. കാപ്പക്കേസിലെ പ്രതിയായിരുന്ന ഇയാളെ മാനസികപ്രശ്നങ്ങളെ തുടർന്ന് കാപ്പയിൽ നിന്ന് ഒഴിവാക്കിയിരുന്നെന്ന് ‌‌‌അന്വേഷണസംഘം അറിയിച്ചു. പാണക്കാട് മുഈനലി തങ്ങൾ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഷാൻ ഷാനു എന്ന ഫേസ്ബുക്ക്‌ അക്കൗണ്ടിൽ നിന്നായിരുന്നു ആദ്യം പോസ്റ്റ്‌ എത്തിയത്. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. 15 കോടിയാണ് ഇയാൾ തട്ടിയെടുക്കാൻ നോക്കിയത്. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി, സാദിഖലി തങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിടുകയായിരുന്നു.

ജനുവരി 31-ന് പാണക്കാട് മുഈ നലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഒരു ബന്ധവുമില്ലാത്ത ചില ചിത്രങ്ങളും വീഡിയോകളും കാണിച്ചു. സാദിഖലി തങ്ങളുമായി ബന്ധമുള്ള ചിത്രങ്ങളെന്നാണ് പ്രതി അവകാശപ്പെട്ടത്. ഇത് പുറത്തുപോകാതിരിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. താൻ പറയുന്ന കാര്യങ്ങൾ പൊലീസിനെ അറിയിച്ചാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.