ഹൃദയസ്തംഭന രോഗികൾക്ക് അത്യാധുനിക ‘ഹോപ്’ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിച്ചു

/

ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ചികിത്സാ സംവിധാനം ആരംഭിച്ചു. കാർഡിയോളജി വിഭാഗത്തിൽ മൂന്നു കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ വിഭാഗമാണ് ‘ഹോപ്’.

സംസ്ഥാനത്ത് സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ഇതുപോലൊരു പ്രത്യേക സംവിധാനമില്ലെന്നതാണ് ശ്രദ്ധേയമായത്. ഹൃദയസ്തംഭനത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെയാണ് ഹോപ് വിഭാഗത്തിൽ പ്രവേശിപ്പിക്കുക. ചികിത്സയ്ക്കൊപ്പം ഒപിയിൽ പോകാതെ തന്നെ തുടർപരിചരണവും ഇവിടെ ലഭ്യമാകും.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗികളെ കണ്ടെത്തി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഹോപ് വിഭാഗം സ്ഥാപിച്ചിരിക്കുന്നത്.

15 കിടക്കകളോടെയാണ് വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. സെൻട്രൽ മോണിറ്ററിംഗ് സ്റ്റേഷൻ, മൾട്ടി പാരമോണിറ്ററുകൾ, വെന്റിലേറ്ററുകൾ, ഇസിജി മെഷീൻ, സെൻട്രൽ ഓക്‌സിജൻ സക്ഷൻ, ഡിഫിബ്രിലേറ്ററുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.