ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം മുഴുവൻ കൃത്യമായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു.
മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
അന്നത്തെ എ.എസ്.പി കുറുപ്പാണ് സംഭാവനയായി സ്വർണ്ണം സ്വീകരിച്ചത്. സ്വർണ്ണം നൽകിയവർക്ക് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രസീത് നൽകിയിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സ്വർണ്ണം കൈമാറിയതിലും നിർമ്മാണ പ്രവർത്തനങ്ങളിലും സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന കണ്ടെത്തലോടെയാണ് വർഷങ്ങളായി നിലനിന്ന ഈ വിവാദത്തിന് ഹൈക്കോടതി വിരാമമിട്ടത്.
