കേരളത്തിൻ്റെ അയൽ സംസ്ഥാനങ്ങളിലേക്ക് പല ആവശ്യങ്ങൾക്കായും വിനോദത്തിനും യാത്ര ചെയ്യുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരളത്തിൽ ഇനി അധികാരത്തിൽ വരുന്ന സർക്കാറിന് ചെയ്യാനുള്ളത്……
- രാജ്യത്തിനകത്തെ യാത്രകൾ എളുപ്പമാകേണ്ട സമയത്ത്, അതിന് പകരം പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരെ ബാധിക്കുന്നുണ്ട്. അടുത്ത ഭരണത്തിൽ വരുന്ന സർക്കാർ ഈ വിഷയങ്ങളെ സമഗ്രമായി സമീപിച്ച്, യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന നയങ്ങൾ നടപ്പിലാക്കേണ്ടത് യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്ത് നിന്നുള്ള പൗരൻമാരുടെ സുരക്ഷക്കും നല്ല യാത്രാനുഭവങ്ങൾക്കും അത്യന്താപേക്ഷിതമാണ്.
- ആദ്യമായി ശ്രദ്ധിക്കേണ്ടത് വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്. കേരള രജിസ്ട്രേഷൻ വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കുമ്പോൾ ഉയർന്ന നികുതികളും (road tax), ചെക്ക്പോസ്റ്റുകളിലെ നീണ്ട കാത്തിരിപ്പും അനുഭവിക്കേണ്ടിവരുന്നു. പലപ്പോഴും രേഖകൾ പരിശോധിക്കുന്നതിനുള്ള കാലതാമസം യാത്രയെ ദുരിതകരമാക്കുന്നു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് അധിക ഫീസുകളും പിഴകളും ഈടാക്കുന്ന സംഭവങ്ങളും കുറവല്ല. നിയമപരമായും മറ്റ് അയൽസംസ്ഥാന സർക്കാറുകളുമായുള്ള സൗഹൃദ നിലപാടുകളും ഇത്തരം പ്രയാസങ്ങൾ ഒരു പരിധിവരെ പരിഹരിക്കുന്നതിന് സഹായകമാവും.
- കര്ണാടക, തമിഴ്നാട് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും ചെക്ക്പോസ്റ്റുകളിലും പലപ്പോഴും നീണ്ട കാത്തിരിപ്പും അനാവശ്യമായ നടപടികളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഗതാഗത സംവിധാനം കൂടുതൽ ഏകോപിതമാക്കാൻ നമ്മുടെ സർക്കാർ അയൽ സംസ്ഥാനസർക്കാറുമായും ബന്ധപ്പെട്ട വകുപ്പുകളുമായുമുള്ള നിരന്തര സമ്പർക്കവും ഉദ്യോഗസ്ഥരുടെഏകോപനവും മറ്റും സുതാര്യവുമാക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.
- രണ്ടാമതായി, യാത്രക്കിടെ സുരക്ഷാ പ്രശ്നങ്ങളും ഉയരുന്നുണ്ട്. ചില അതിർത്തി പ്രദേശങ്ങളിലും യാത്രാമദ്ധ്യേയും വാഹനയാത്രക്കാർ നേരിടേണ്ടി വരുന്ന അനാവശ്യ തടസ്സങ്ങളും ചിലപ്പോൾ അക്രമപരമായ സമീപനങ്ങളും ആശങ്കാജനകമാണ്. പ്രത്യേകിച്ച് രാത്രിയാത്രകളിൽ ഇത് കൂടുതൽ ഭീതിജനകമാകുന്നു. യാത്രക്കാർക്ക് കേരള ചെക്ക്പോസ്റ്റുകളിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ കർണാടക, തമിഴ്നാട് പൊലീസ് ഹൈവേ സുരക്ഷാ വകുപ്പ് എന്നിവരെ വേഗത്തിൽ ബന്ധപ്പെടാനുള്ള ഒരു ചെറുകുറിപ്പോ, ഹോട്ട്ലൈൻ നമ്പറുകളോ മറ്റോ നൽകുന്നത് നന്നായിരിക്കും.
- മൂന്നാമതായി, ഭാഷയും നിയമപരമായ വ്യത്യാസങ്ങളും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഗതാഗതനിയമങ്ങളും നടപടിക്രമങ്ങളും ഉള്ളതിനാൽ സാധാരണ യാത്രക്കാർക്ക് അവ മനസ്സിലാക്കാൻ പ്രയാസമാണ്. ഭാഷാ വ്യത്യാസം കാരണം വിവരങ്ങൾ ലഭ്യമാക്കുന്നതും ബുദ്ധിമുട്ടാകുന്നു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണ്. ഏകീകൃത നികുതി സംവിധാനം, ലളിതമായ പരിശോധന നടപടികൾ, സുരക്ഷ ഉറപ്പാക്കൽ, ടൂറിസം സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ നടപ്പിലാക്കിയാൽ യാത്രക്കാരുടെ അനുഭവം ഏറെ മെച്ചപ്പെടും.
കേരളത്തിൽ നിന്ന് പുറത്തേക്കുള്ള യാത്രകൾ ഒരു അനുഭവമായി മാറേണ്ടതിന്ന്, കേരളവും അയൽ സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് പ്രവർത്തിക്കേണ്ടത് ഇന്നത്തെ കാലത്ത് പ്രധാന ആവശ്യമാണ്.
ആശങ്കയും പ്രതീക്ഷയും നിറഞ്ഞ കുറിപ്പാണിത്.
റഷീദ് മൂടാടി
(മൈസൂർ റെസ്റ്റോറൻ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു) ഫോൺ 8281773863
