വേനൽചൂടും പരീക്ഷയും തെരഞ്ഞെടുപ്പും;ജില്ലയിലെ വിനോദ സഞ്ചാര മേഖല നിശ്ചലമായി

 കനത്ത വെയിലും പരീക്ഷക്കാലവും തിരഞ്ഞെടുപ്പും ജില്ലയിലെ വിനോദ സഞ്ചാര മേഖല നിശ്ചലമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷക്കാലമായതും എല്ലായിടത്തും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശവും ആരംഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞത്. കൂടാതെ വേനൽചൂട് വർധിച്ചതും സഞ്ചാരികളുടെ വരവിനെ ബാധിച്ചു.

          സ്കൂളിലും, കോളജിലുമെല്ലാം പരീക്ഷകൾ നടക്കുകയാണ്. ഈ മാസം അവസാനം വരെ ഇത് തുടരും. തിരഞ്ഞെടുപ്പുംകൂടി എത്തിയപ്പോൾ ഗ്രാമ, നഗര വ്യത്യാസമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പലരും സജീവമായതോടെ വിനോദ യാത്രകൾ കുറഞ്ഞത്. പെരുന്നാൾ ദിനത്തിലും അതിനോട് ചേർന്ന് വന്ന ശനി, ഞായർ ദിവസങ്ങളിലും താരതമ്യേന സന്ദർശകരുണ്ടായിരുന്നു ജില്ലയിൽ. എന്നാൽ തിങ്കളാഴ്ച മുതൽ ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

            കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള പത്തോളം കേന്ദ്രങ്ങളിലും പട്ടിക വർഗ വകുപ്പിന് കീഴിലുള്ള എൻ ഊര് പൈതൃക ഗ്രാമം, ജലസേചനവകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം, വനംവകുപ്പിന് കീഴിലുള്ള മുത്തങ്ങ, സൂചിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. ആഴ്ച അവസാന ദിവസങ്ങളിൽ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികളാണ് ഇപ്പോഴെത്തുന്നതിലേറെയും. എന്നാൽ മറ്റു ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം പകുതിയിലും താഴെയായിട്ടുണ്ട്.   എന്നാൽ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനായാൽ അതിന് ശേഷമാകും കൂടുതൽ സന്ദർശകർ ജില്ലയിലേക്ക് എത്തുകയെന്നാണ് വിനോദ സഞ്ചാര മേഖലയിലെ പ്രതീക്ഷ. നിലവിൽ കനത്ത ചൂടും വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്.

Leave a Reply

Your email address will not be published.