കോഴിക്കോട്: രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വര്‍ധനവ്. പവന് 1880 രൂപ വര്‍ധിച്ച് 1,04,800 രൂപയായി. ഗ്രാമിന് 235 രൂപ വര്‍ധിച്ച് 13,100 രൂപയായി. രാവിലെ പവന് 2160 രൂപ കുറഞ്ഞിരുന്നു. പിന്നീട് ആഗോളവിപണിയിലെ വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില വര്‍ധിപ്പിച്ചത്.പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവ് വന്നതോടെയാണ് വന്‍ ഇടിവില്‍ നിന്ന് സ്വര്‍ണം മുന്നേറുന്നത്.
ഇന്നലെ വൈകീട്ടോടെ വന്‍ കുതിപ്പ് നടത്തിയിരുന്നു. ഒറ്റയടിക്ക് 5600 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിലാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 4402 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി ട്രോയ് ഔണ്‍സിന് 70.02 ഡോളറിലാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകളായി വന്‍ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായിരുന്നത്. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയുണ്ടായിരുന്ന പവന്‍ പിന്നീട് മൂന്നാഴ്ചകൊണ്ട് 25,000ലേറെയാണ് ഇടിഞ്ഞത്. അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിഞ്ഞതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വില കുറച്ചത്.
