13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ തുടങ്ങി. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകുന്നത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞു. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
യന്ത്ര സഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം നൽകണമെന്ന് അപേക്ഷിച്ച് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന ഡോക്ടർമാർ വ്യക്തമാക്കിയെന്ന് കോടതി അറിയിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും കോടതി നൽകിയിരുന്നു. റാണയുടെ കുടുംബത്തിന്റെ പ്രവൃത്തി നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ പറഞ്ഞു.
