വാളയാര്‍ കൂട്ടക്കൊല: പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്സി/എസ്ടി സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പിന്നാലെ ജാമ്യം ലഭിച്ച എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.വിചാരണക്കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും വസ്തുതകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

            പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതില്‍ വിചാരണക്കോടതി അനാവശ്യ തിടുക്കം കാട്ടിയെന്നും വിമര്‍ശനം ഉയര്‍ന്നു. മരിച്ചയാളുടെ കുടുംബത്തിന്റെയോ ആശ്രിതരുടെയോ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഇത് നിയമപരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.2025 ഡിസംബര്‍ 18-നാണ് വാളയാര്‍ അട്ടപ്പള്ളത്ത് വെച്ച് രാംനാരായണ്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഒരു സംഘം യുവാക്കള്‍ രാംനാരായണിനെ വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചായിരുന്നു അതിക്രമം നടന്നത്.

       മര്‍ദ്ദനമേറ്റ് മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ രാംനാരായണ്‍ വഴിയില്‍ കിടന്നു. പിന്നീട് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്‌ക്കേറ്റ ആഴത്തിലുള്ള പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നേരത്തെ ജനുവരി 31-നായിരുന്നു വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ അന്വേഷണ സംഘം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്

Leave a Reply

Your email address will not be published.