വേനലിൽ ജലജന്യ രോഗങ്ങൾ വർധിക്കുന്നു; ഷിഗെല്ലയും മഞ്ഞപ്പിത്തവും തടയാൻ ശുചിത്വം നിർബന്ധം

കടുത്ത വേനലില്‍ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വഴിയോരങ്ങളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.

രോഗലക്ഷണങ്ങള്‍

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തകലര്‍പ്പ് ഉണ്ടാകുന്നത്.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പാനീയ ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ഇടക്കിടെ നല്‍കുകയും യഥാസമയം ചികിത്സ തേടുകയും വേണം.

പ്രതിരോധ മാര്‍ഗങ്ങള്‍

*നന്നായി തിളപ്പിച്ച ശേഷം തണുപ്പിച്ച വെള്ളം മാത്രം കുടിക്കുക.
*തിളച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്.
*പുറമെനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും പരമാവധി ഒഴിവാക്കണം. പുറത്തു പോകുമ്പോള്‍ കൈയില്‍ കുടിവെള്ളം കരുതുക.
*ആഹാരത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
*പാത്രങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
*ചടങ്ങുകള്‍ക്കും മറ്റും തണുപ്പുള്ള വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുന്നതാണ് ഉചിതം. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങള്‍ എന്നിവ നല്‍കാം.
*ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുകയും ചെയ്യുക.
*പാചകം ചെയ്ത് നാല് മണിക്കൂറിനകം തന്നെ ഭക്ഷണം കഴിക്കുക. ഭക്ഷണം ഫ്രിഡ്ജില്‍ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.
*ചെറിയ കുട്ടികളുടെ മലം ശുചിമുറിയില്‍ മാത്രം കളയുക.
*പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
*ശുചിമുറി മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
*കിണറുകളിലെ വെള്ളം പരിശോധിക്കുകയും ക്ലോറിനേഷന്‍ ചെയ്യുകയും വേണം.

Leave a Reply

Your email address will not be published.