മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കൊയിലാണ്ടി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. സ്ഥാനാര്‍ത്ഥികളുടെ ചുമരെഴുത്തും ബോര്‍ഡുകളും നിറയുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മിലെ കെ.ദാസനാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി.ആര്‍.പ്രഫുല്‍ കൃഷ്ണനുമാണ്. കെ.ദാസന്‍ മുമ്പ് രണ്ടു തവണ കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ സ്ഥാനവും രണ്ടു തവണ അലങ്കരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കീഴരിയൂര്‍ സ്വദേശിയായ അഡ്വ.കെ പ്രവീണ്‍ കുമാറിന്റെ പ്രവര്‍ത്തന മേഖല കൊയിലാണ്ടിയാണ്. മുമ്പ് രണ്ടു തവണ നാദാപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ബി ജെ പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.പ്രവീണ്‍ കുമാറിന്റെ റോഡ് ഷോ മാര്‍ച്ച് 18ന് രാവിലെ കൊയിലാണ്ടിയില്‍ നടക്കും. രാവിലെ 9.30ന് സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. തുടര്‍ന്ന് ബപ്പന്‍കാട് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യു ഡി എഫ് കണ്‍വെന്‍ഷന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.പി സംസാരിക്കും.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ദാസന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 22ന് വൈകീട്ട് അഞ്ച് മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കും.
യു ഡി എഫും എല്‍ ഡി എഫും മാറി മാറി വിജയിച്ച മണ്ഡലമാണ് കൊയിലാണ്ടി. കൊയിലാണ്ടി ,പയ്യോളി നഗരസഭയും തിക്കോടി,മൂടാടി,ചെങ്ങോട്ടുകാവ്,ചേമഞ്ചേരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി മണ്ഡലം. ഇതില്‍ കൊയിലാണ്ടി നഗരസഭയിലും മൂടാടിയിലും മാത്രമാണ് എല്‍ ഡി എഫ് ഭരണം. ബാക്കിയിടങ്ങളില്‍ യു ഡി എഫും. കൊയിലാണ്ടിയിലെ ആദ്യ എം എല്‍ എ പി എസ് പിയിലെ പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു. പിന്നീട് പി.കുഞ്ഞിരാമന്‍ കിടാവ് ,ഇ.നാരായണന്‍ നായര്‍, മണിമംഗലത്ത്കു ട്ട്യാലി, എം.ടി.പത്മ, പി.വിശ്വന്‍, പി.ശങ്കരന്‍, കെ.ദാസന്‍, കാനത്തില്‍ ജമീല എന്നിവരും കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചു. 2006 മുതല്‍ സി.പി എം സ്ഥാനാര്‍ത്ഥികളാണ് കൊയിലാണ്ടിയില്‍ നിന്നും വിജയിച്ചത്. യു ഡി എഫിന് കൈമോശം വന്ന മണ്ഡലം തിരിച്ചു പിടിക്കുകയാണ് അവരുടെ ലക്ഷ്യം.
