കുറുവങ്ങാട് മൂന്ന് എം ബി ബി എസ് വിദ്യാർത്ഥികളുടെ അപകട മരണം,വാഹനം ഇടിച്ചതാണെന്ന് സംശയം


കൊയിലാണ്ടി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇലക്ടിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു വിദ്യാർത്ഥിൾ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥികളായ കൊല്ലം സ്വദേശി നന്ദകിഷോര്‍, കായകുളം സ്വദേശി അഭിയാന്‍ വര്‍മ്മ, പാലക്കാട് സ്വദേശി അഭിനവ് സുരേഷ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റിനും മതിലിലും ഇടിച്ചു ഓവു ചാലിലേക്ക് വീണു കിടപ്പാണ്. സ്‌കൂട്ടറിന്റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. അഞ്ജാത വാഹനം ഇടിച്ചപ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വീട്ടു വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും പ്രഥാമിക നിഗമം. ഇടിച്ച വാഹനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം പോലീസ് ആരംഭിച്ചു.സമീപത്തെ കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയായതിനാല്‍ നിരന്തം വാഹനങ്ങള്‍ അമിത വേഗത്തില്‍ കടന്നു പോകുന്ന സ്ഥലമാണിത്. രാത്രി കാലങ്ങളില്‍ ടോറസ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ ഇതു വഴി കുതിച്ചോടും.ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസിയായ ഒരു യുവാവാണ് ആദ്യ അപകടം കണ്ടത്. ഇദ്ദേഹം മറ്റുളളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കിട്ടാതെ ഏറെ നേരം വലഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ മൂന്നു പേരും. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.

 

Leave a Reply

Your email address will not be published.