മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് മാനുഷിക പരിഗണന മുൻനിർത്തി നിർണ്ണായക ഉത്തരവിട്ടത്. ബീജം ശേഖരിക്കാൻ അനുമതി നൽകിയെങ്കിലും, ഇത് ഉപയോഗിച്ചുള്ള കൃത്രിമ ഗർഭധാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്നേ കോടതിയുടെ പ്രത്യേക അനുമതി വീണ്ടും തേടേണ്ടതുണ്ട്. കേസ് ഏപ്രിൽ 7-ന് കോടതി വീണ്ടും പരിഗണിക്കും.
കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തന്റെ ഭർത്താവിന്റെ പിതൃത്വം നിലനിർത്താൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ചിക്കൻപോക്സിനെ തുടർന്നുണ്ടായ സെറിബ്രൽ വീനസ് ത്രോംബോസിസ് എന്ന ഗുരുതര സാഹചര്യം കാരണമാണ് യുവതിയുടെ ഭർത്താവിന് മസ്തിഷ്ക മരണം സംഭവിച്ചത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വാസം നിലനിർത്തുന്ന ഭർത്താവിൽ നിന്ന്, ഭാവിയിൽ ഒരു കുഞ്ഞിനായി ബീജം ശേഖരിച്ചു വെക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്ന് നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) നിയമപ്രകാരം രേഖാമൂലമുള്ള സമ്മതം വാങ്ങാൻ കഴിയില്ലെന്ന നിയമപരമായ തടസ്സമാണ് യുവതി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ചികിത്സ വൈകിയാൽ അമ്മയാകാനുള്ള തന്റെ ഏക സാധ്യത എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന വൈകാരികമായ വശം കൂടി പരിഗണിച്ച കോടതി, അടിയന്തരമായി ബീജശേഖരണത്തിനും സംരക്ഷണത്തിനും അനുമതി നൽകുകയായിരുന്നു.
