കോണ്‍ഗ്രസില്‍ 70 സീറ്റുകളില്‍ ധാരണ, ആദ്യഘട്ടപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശ്വാസം. മുതിര്‍ന്ന നേതാക്കളടക്കമുള്ള മാരത്തണ്‍ ചര്‍ച്ചയില്‍ 70 സീറ്റുകളില്‍ ധാരണയായതായാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോളം നീണ്ടുനിന്ന ചര്‍ച്ചയിലാണ് 70 മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലേക്കെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത്.ഇനിയും ശേഷിക്കുന്ന സീറ്റുകളില്‍ പാനലായതായാണ് വിവരം. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പാനലില്‍ നിന്നും സിഇസി തീരുമാനിക്കട്ടെയെന്ന് കേരള നേതൃത്വം സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് ഇനിയും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. അനിശ്ചിതത്വത്തില് തുടരുന്ന സീറ്റുകളുടെ കാര്യത്തില്‍ വൈകുന്നേരത്തോടെ തീരുമാനമാകുന്ന പ്രതീക്ഷയിലാണ് നേതൃത്വം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.

                ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരമായതോടെ സീറ്റിനായി കോണ്‍ഗ്രസില്‍ കടുത്ത ചരടുവലികള്‍ നടന്നിരുന്നു. തിരുവനന്തപുരം ജില്ലയിലായിരുന്നു തര്‍ക്കം രൂക്ഷമായ നിലയിലേക്കെത്തിയത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എംപിമാരും രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡിന് കടുത്ത തലവേദന സൃഷ്ടിക്കുകയായിരുന്നു.വ്യക്തിപരമായി തങ്ങള്‍ക്കെല്ലാം നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു താല്‍പ്പര്യമെന്നും പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങിയതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയില്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

             എംപിമാരെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണാണെന്നും ആരും സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടതില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം.അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.സുധാകരൻ ഇന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെത്തുന്ന അദ്ദേഹവുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published.