കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാവും. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. 32 സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. രണ്ടാം പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.
എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ല. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അത്തരത്തിൽ ഒരു തീരുമാനം വരുന്നതുവരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.
അതേസമയം, യുഡിഎഫിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫും തമ്മിലുള്ള സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എന്നാൽ ചര്‍ച്ചയില്‍ സീറ്റ് ധാരണയായിട്ടില്ല എന്നാണ് പി ജെ ജോസഫ് പറഞ്ഞത്. രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് മോന്‍സ് ജോസഫ് പറഞ്ഞത്. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
