കോഴിക്കോട് : വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ കാർ സ്റ്റണ്ട് നടത്തി. കാർ ഉടമകളോട് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകി. കോളജ് അധികൃതർക്കും ഉടമകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങാത്ത സാഹചര്യത്തിൽ മോട്ടർ വഹന വകുപ്പു നാളെ കോളജ് അധികൃതരിൽ നിന്നു വിവരം ശേഖരിക്കും.
വെള്ളിയാഴ്ച വൈകിട്ട് 4ന് ആണ് കോളജിൽ വിദ്യാർഥികൾ ടെക് എക്സേപോ സംഘടിപ്പിച്ചത്. എല്ലാ അനുമതിയും വാങ്ങിയെന്ന് കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈകിട്ട് എക്സ്പോയിൽ എത്തിച്ച 4 കാറുകൾ സ്കൂൾ മൈതാനത്ത് റെയ്സ് നടത്തി. ഇതോടെ കുട്ടികൾ മൈതാനത്തു ചിതറി ഓടി.നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് സമീപത്ത് എത്തിയെങ്കിലും വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈതാനത്തു മണ്ണു പറന്നു തമ്മിൽ കാണാത്ത അവസ്ഥയിലും കാർ ഓട്ടം നിർത്തിയില്ല. വിദ്യാർഥികൾ കാർ സ്റ്റണ്ട് വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസും മോട്ടർ വാഹന വകുപ്പും വിവരം അറിഞ്ഞത്. പൊലീസ് എത്തും മുൻപ് വാഹനങ്ങളുമായി വിദ്യാർഥികൾ പോയി.പിന്നീട് പൊലീസ് കോളജ് പ്രിൻസിപ്പലിനോട് അനുമതി നൽകിയതിന്റെ വിശദീകരണം ചോദിച്ചു. സംഭവത്തിൽ നാലു കാർ ഉടമകളും നടക്കാവ് പൊലീസിൽ നാളെ ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചത്.
