കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് ആരോപണം. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പൊലീസിൽ പരാതി നൽകി.

ഗൗരി ലക്ഷ്മിഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പാരമ്പര്യമായി കൈമാറി വന്നതും അപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. പത്മനാഭസ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണപ്പെട്ടവയിൽ ഉൾപ്പെടുന്നു.

2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിനുമുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. സംഭവം പുറത്തറിയിക്കാതെ പൊലീസ് നാല് മാസം രഹസ്യമായി അന്വേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്.

മോഷണം പോയവയിൽ പവിഴവും സ്വർണ്ണമുത്തും ഇടകലർന്ന അര പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള മൂന്ന് പവൻ സ്വർണ്ണ പാദസരം, കറുത്ത മുത്തും സ്വർണ്ണമുത്തും ചേർന്ന രണ്ട് പവൻ പാദസരം, വീതിയുള്ള ഇല ഡിസൈനിലുള്ള നാല് പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകൾ എന്നിവ ഉൾപ്പെടുന്നതായാണ് വിവരം.

Leave a Reply

Your email address will not be published.