ദീർഘകാലമായി തകർന്നുകിടക്കുന്ന കാപ്പാട് കടൽഭിത്തി പുനർനിർമാണ പ്രവൃത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു. നിലവിൽ കടൽഭിത്തിയില്ലാത്ത ഭാഗത്ത് 310 മീറ്റർ കടൽഭിത്തി നിർമാണവും 360 മീറ്റർ പുനർനിർമാണവുമടങ്ങുന്നതാണ് പദ്ധതി. ബാക്കിയുള്ള ഭാഗം പുനർ നിർമിക്കുന്നതിന് നവകേരളസദസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതാണ്. റോഡ് നിർമാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ഹാർബർ എഞ്ചിനിയറിങ് വകുപ്പ് നൽകിയിട്ടുണ്ട്. 2021ൽ കടൽഭിത്തി തകർന്നതോടെ കാപ്പാട് -കൊയിലാണ്ടി റോഡും പൂർണ്ണമായി തകർന്നിരുന്നു.
ശക്തമായ കടലാക്രമണം നേരിടുന്ന കേരളത്തിലെ പത്ത് ഹോട്ട് സ്പോട്ടുകളിൽ ഒന്നായ കാപ്പാട്ട് കടൽഭിത്തി പുനർനിർമിക്കുന്നതിനായി വിദഗ്ധ സമിതി (എൻ.സി.സി.ആർ) പഠനം നടത്തുകയും 76 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. കാനത്തിൽ ജമീല എം.എൽ.എയുടെ ശ്രമഫലമായി 2024- 25 ബജറ്റിൽ പുനരുദ്ധാരണ പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും ടെണ്ടർ എക്സസ് കാരണം പദ്ധതി വീണ്ടും വൈകി. ടെണ്ടർ എക്സസ് മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുക.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വനി ഷിനിലേഷ്, പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, കെ ദാസൻ, വി കെ വിപിൻദാസ്, പി സത്യൻ, എൻ വി ബിനേഷ്, പി ബാബുരാജ്, മുരളീധരൻ തോറോത്ത്, അവിണേരി ശങ്കരൻ എന്നിവർ സംസാരിച്ചു. എഞ്ചിനിയർമാരായ യു കെ ഗിരീഷ് കുമാർ, രഞ്ജിത്ത്, പ്രബീഷ് തുടങ്ങിയവർ പങ്കെടുത്തു.
