കോഴിക്കോട്, മൂന്നാർ, കോട്ടയം, എറണാകുളം: നോൺ എസി സ്ലീപ്പർ പല്ലക്കി ബസുകളുമായി കർണാടക ആർടിസി

കേരളത്തിലേക്കുൾപ്പെടെ സർവീസിന് 70 നോൺ എസി പല്ലക്കി സ്ലീപ്പർ ബസുകൾ കൂടി കർണാടക ആർടിസി പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന് കാസർകോട്, കോഴിക്കോട്, മൂന്നാർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കും കേരള കർണാടക അതിർത്തിയായ കാണിയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്കുമാണ് പുതിയ ബസുകൾ ഓടിക്കുന്നത്. ഈ മാസം അവസാനം സർവീസ് ആരംഭിക്കും. വിധാൻസൗധയിലെ ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫ്ലാഗ് ഓഫ് നിർവഹിച്ചു. 2 വർഷം മുൻപ് 40 പല്ലക്കി ബസുകൾ നിരത്തിലിറക്കിയിരുന്നു.

30 ബർത്ത്
അശോക് ലെയ്‌ലാൻഡിന്റെ 11.3 മീറ്റർ നീളമുള്ള ബസിൽ കിടന്നു യാത്ര ചെയ്യാൻ 30 ബർത്തുണ്ട്. മൊബൈൽ, ലാപ്ടോപ് ചാർജിങ്, ബർത്ത് റാക്ക്, മൊബൈൽ ഹോൾഡൻ, എൽഇഡി റീഡിങ് ലൈറ്റ്, സ്റ്റോപ്പുകൾ അറിയാനുള്ള അനൗൺസ്മെന്റ് എന്നിവയുമുണ്ട്.

സ്ത്രീ സൗഹൃദ നടപടികളുമായി കർണാടക ആർടിസി
വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി. 180 ദിവസത്തെ പ്രസവാവധി, കുട്ടികളെ പരിപാലിക്കാൻ 6 മാസത്തെ ചൈൽഡ് കെയർ അവധി തുടങ്ങിയവ അനുവദിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണത്തിനു 730 ദിവസത്തെ അവധി, പ്രതിമാസം 1250 രൂപ ചൈൽഡ് കെയർ അലവൻസ്, ചികിത്സയ്ക്ക് ആരോഗ്യ പദ്ധതി എന്നിവയും ലഭിക്കും.

കേരള ആർടിസി ബത്തേരി വാരാന്ത്യ സ്പെഷൽ 16 മുതൽ
ബെംഗളൂരു∙ കേരള ആർടിസിയുടെ ബെംഗളൂരു–ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർഫാസ്റ്റ് സർവീസ് 16ന് പുനരാരംഭിക്കും. ബത്തേരിയിൽ നിന്നുള്ള സർവീസ് നാളെ പുറപ്പെടും. കോവിഡ് കാലത്തു നിർത്തിയ സർവീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളിൽ രാവിലെ 9.02ന് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (12.07), ഗുണ്ടൽപേട്ട്, മുത്തങ്ങ വഴി വൈകിട്ട് 3.22ന് ബത്തേരിയിലെത്തും. 

            ബത്തേരിയിൽ നിന്ന് ഞായറാഴ്ചകളിൽ രാത്രി 9.30ന് പുറപ്പെട്ട് കേണിച്ചിറ (9.50), നടവയൽ (10), പനമരം (10.10), മാനന്തവാടി (10.40), മൈസൂരു (2.40) വഴി രാവിലെ 5.20നു ബെംഗളൂരുവിലെത്തും. 472 രൂപയാണ് ടിക്കറ്റ് നിരക്ക്. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണെങ്കിലും കേണിച്ചിറ, നടവയൽ, പനമരം എന്നിവിടങ്ങളിൽനിന്ന് റിസർവേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന്: onlineksrtcswift.com.

Leave a Reply

Your email address will not be published.