1201 മീനമാസം (2026 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെ) നിങ്ങള്‍ അനുഭവിക്കാന്‍ ഇടയുളള സാമാന്യ ഫലങ്ങള്‍ – തയ്യാറാക്കിയത് വിജയൻ നായർ കോയമ്പത്തൂർ

1201 മീനമാസം (2026 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെ) നിങ്ങള്‍ അനുഭവിക്കാന്‍ ഇടയുളള സാമാന്യ ഫലങ്ങള്‍.
2026 മാര്‍ച്ച് 15-ന് മീന-രവി സംക്രമമാണ്. സൂര്യന്‍ മീനം രാശിയിലേക്ക് രാശി മാറുകയാണ്. സൂര്യനോടൊപ്പം മീനം രാശിയില്‍ ശനിയും ശുക്രനുമുണ്ട്. സൂര്യന്റെ ശത്രു ഗ്രഹമായ ശനി മൗഡ്യാവസ്ഥയിലാണ്. ശനിയ്ക്ക് മൗഡ്യാവസ്ഥ വന്നാല്‍ ശനിയെ കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍ക്ക് ശേഷി കുറയും.എന്നാല്‍ ശനി ദോഷം അനുഭവിക്കുന്നവര്‍ക്ക് ഗുണകരവുമാണ്. ശുക്രന്‍ ഉച്ഛസ്ഥനായി മീനത്തിലുണ്ടങ്കിലും സൂര്യനുളളതിനാല്‍ ശുക്രനും മൗഡ്യം ഉണ്ട്. ഏപ്രില്‍ 13 വരെ സൂര്യന്‍ മീനത്തിലുണ്ടാവും. പിന്നീ്ട് വിഷുവോടെ മേടമാസത്തിലേക്ക് രാശിമാറും.ജന്മാദി ദ്വാദശ ഭാവങ്ങളില്‍ സൂര്യാദി നവഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന സാമാന്യ ഫലങ്ങള്‍

അശ്വതി:  തൊഴില്‍ സംബന്ധമായി കൂടുതല്‍ യാത്രകള്‍ ആവശ്യമായി വരും. സ്ത്രീകള്‍ക്ക് കലാരംഗങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. മക്കളുടെ പഠിപ്പില്‍ വളരെയധികം ശ്രദ്ധ ആവശ്യമായി വരും. സാമ്പത്തിക നിലയില്‍ പുരോഗതി കാണും. പിതാവിന്റെ ബിസിനസ്സില്‍ ഗുണം കുറയും. ശ്രീ ഗുരുവായൂരപ്പനെ നന്നായി പ്രാര്‍ത്ഥിക്കുക. വിഘ്‌നങ്ങള്‍ മാറാന്‍ വ്യാഴാഴ്ച വ്രതമെടുക്കുക.

ഭരണി: സ്വയം തൊഴിലില്‍ ഗുണമുണ്ടാകും. അമ്മയുടെ സ്വത്ത് വഹകള്‍ അധീനതയില്‍ വന്നുചേരും. ഊഹക്കച്ചവടത്തില്‍ ഗുണം. അടുത്തുള്ളവരുമായി വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. തറവാട് ക്ഷേത്രത്തിലെ ഉത്സവത്തിന് നേതൃസ്ഥാനത്ത് നില്‍ക്കേണ്ടി വന്നേക്കാം. ദേവി ക്ഷേത്ര ദര്‍ശനം നടത്തുക.

കാര്‍ത്തിക: വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെട്ട് മനസ്സമാധാനം കുറയും. പോലീസ് പട്ടാളം എന്നീ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കൂട്ടുകാരുമൊത്ത് വിനോദയാത്രകള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണം കുറയും. സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കുക.

രോഹിണി: ദേഹാസ്വാസ്ഥ്യം കാരണം എല്ലാ പരിപാടികളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കും. അനാവശ്യ ചിന്തകള്‍ മനസ്സിലെ അലട്ടും. വാഹനവുമായി ജോലി ചെയ്യുന്നവര്‍ക്ക് അപകട സാധ്യതയുണ്ട്. സാമ്പത്തികമായി വരുമാനം കുറയും. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ താമസിച്ചേക്കും. ശ്രീ ഗുരുവായൂര്‍ സന്ദര്‍ശനം മനസ്വസ്ഥത കൈവരിക്കും.

മകീര്യം: വീട്ടില്‍ ദൈവീക കര്‍മ്മങ്ങള്‍ നടത്താന്‍ ഇടവരും. പഠിക്കുന്ന കുട്ടികള്‍ പരീക്ഷാദികളില്‍ വിജയിക്കും. മാതൃകുടുംബത്തില്‍ നിന്നുള്ള ആനുകൂല്യം കുറയുന്നതാണ്. കര്‍മ്മ സ്ഥലത്ത് ഗുണമാണ്. സഹപ്രവര്‍ത്തകരെ കൊണ്ട് ഗുണം ഉണ്ടാകും. വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കുക.

തിരുവാതിര: വാഹനം വാങ്ങുക വില്‍ക്കുക എന്നീ ബിസിനസ്സില്‍ ഗുണകരമാണ്. ഏജന്‍സി ഏര്‍പ്പാടിലും ഗുണമുണ്ടാകും. വര്‍ക്ക് ഷോപ്പ് നടത്തുന്നവര്‍ക്ക് പുരോഗതി കാണും. ഗ്രഹത്തില്‍ അസ്വസ്ഥത ഉണ്ടായേക്കും. ശത്രുശല്യം കാരണം മനസ്സുഖം കുറയും. ആരോഗ്യം ശ്രദ്ധിക്കണം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക.

പുണര്‍തം: അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥാനക്കായറ്റം ഉണ്ടാവും. സ്വയം തൊഴിലില്‍ ഗുണം കുറയും. വ്യാജ സന്ദേശങ്ങള്‍ കാരണം ഭയം ഉണ്ടാക്കുന്നതാണ്. സന്താനം കാരണം സാമ്പത്തിക നഷ്ടം ഉണ്ടാകും. വിദേശ ജോലി കാര്യത്തിന് പണം കൊടുക്കേണ്ടി വരും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.

പൂയ്യം:  താമസിക്കുന്ന സ്ഥലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മാറി താമസിക്കേണ്ടിവരും. സാമ്പത്തികമായി പ്രയാസങ്ങള്‍ നീങ്ങാന്‍ ലോണുകള്‍ എടുക്കേണ്ടിവരും. താരതമ്യേന സാമ്പത്തിക ഗുണമാണ്. സ്വന്തം കുടുംബത്തിലെ ക്ഷേത്ര ഉത്സവ കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

ആയില്യം: ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കും. ഔദ്യോഗിക ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാവില്ല. കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാകുമെങ്കിലും അതില്‍ കുറവ് വരുന്നതാണ്. ഉറ്റ സുഹൃത്തിന്റെ വിയോഗം മനസ്സിന് വല്ലാത്ത പ്രയാസങ്ങള്‍ ഉണ്ടാകും. നാഗദേവതകളെ പ്രീതിപ്പെടുത്തുക. നാഗകാവില്‍ ആരാധിക്കുക.

മകം: കൃഷിയില്‍ നിന്ന് ലാഭമുണ്ടാകും. പലചരക്ക് കച്ചവടം വിപുലീകരിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. സഹോദരി ഭര്‍ത്താവിന്റെ കാര്യത്തിനായി പണം ചെലവഴിക്കണം. വിദേശത്തുള്ള മകള്‍ നാട്ടിലെത്തും. എല്ലാത്തിലും ഉന്മേഷം കൈവരും. ഹനുമാനെയും മുരുകനെയും ധ്യാനിക്കുക.

പൂരം: ശത്രുക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവും. തലവേദനയോ രക്തസമ്മര്‍ദ്ദമോ അനുഭവപ്പെട്ടേക്കാം. സുഹൃത്തുക്കളുമായി ചില നിരസങ്ങള്‍ വന്നേക്കും. ചെയ്യുന്ന ജോലിയില്‍ കാര്യമായ വിഷമതകള്‍ അനുഭവിക്കും. വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. വിഷ്ണു ഭഗവാനെ ധ്യാനിക്കുക.

ഉത്രം: നല്ല അവസരങ്ങള്‍ പൂര്‍ണമായും പ്രയോജപ്പെടുത്താനാകില്ല. വിദേശ വ്യാപാരമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിജയകരമായി നടത്തും. ധാരാളം യാത്രകള്‍ ആവശ്യമായിവരും. സല്‍ക്കാരങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. സമൂഹത്തിനു മുന്നില്‍ സ്ഥാനം അലങ്കരിക്കും. അയ്യപ്പ ഭഗവാനെ പ്രാര്‍ത്ഥിക്കുക.

അത്തം: ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും. കോടതി കേസുകളില്‍ പരാജയം സംഭവിക്കും. എല്ലാ പ്രതിസന്ധികളെയും അനായാസം കൈകാര്യം ചെയ്യും. സന്താനങ്ങള്‍ക്ക് വേണ്ടി വിവാഹാലോചനകളും മറ്റും നടത്തേണ്ട സന്ദര്‍ഭമാണ്. ജോലി ഫാക്ടറി തുടങ്ങിയ സ്ഥലത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. സാമ്പത്തിക നില തൃപ്തികരം. ശിവ ഭഗവാനെ പ്രാര്‍ത്ഥിക്കുക.

ചിത്ര:  ബിസിനസ്സില്‍ വരുമാനം വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. പനി, ജലദോഷം തുടങ്ങിയ ചില രോഗങ്ങള്‍ വന്നേക്കും. മുമ്പ് ചെയ്ത അധ്വാനത്തിന്റെ ഫലം കയ്യില്‍ വന്നുചേരും.  വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാനിടയുണ്ട്. ദേവി ക്ഷേത്ര ദര്‍ശനം നടത്തുക.

ചോതി: ഉദ്ദേശിച്ച കാര്യത്തില്‍ വളരെ പരിശ്രമിച്ചാല്‍ വിജയം നേടാം. വിവാഹത്തിന് വിഘ്‌നം നടക്കാനിടയുണ്ട്. ജലദോഷം, പനി അസുഖങ്ങള്‍ പിടിപെടും. സര്‍ക്കാരില്‍ നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. മാസം പകുതിവരെ പല പ്രശ്‌നങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി കടബാധ്യത കൂടും. ദേവി ക്ഷേത്ര ദര്‍ശനം.

വിശാഖം: മാതാവിനോ മാതൃതുല്യര്‍ക്കോ അസുഖങ്ങള്‍ വന്നുചേരും. തസ്‌കര ശല്യം ഓഫീസിലോ വീട്ടിലോ ഉണ്ടായേക്കാം. വിവാഹനിശ്ചയം നടക്കുന്നതാണ്. പുതിയ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്ന സമയമാണ്. പഴയ സ്ഥലത്ത് നിന്നും മാറ്റം പ്രതീക്ഷിക്കാം. ദേവി ക്ഷേത്ര ദര്‍ശനം നടത്തുക.

അനിഴം: പ്രവര്‍ത്തനരംഗങ്ങളിലെല്ലാം പുരോഗതി ഉണ്ടാകും. ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും വ്യവഹാരാദികാരികളില്‍ പരാജയം ഉണ്ടായേക്കാം. അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗം. ജോലിസ്ഥലത്ത് ജീവനക്കാരുമായി ഭിന്നതകള്‍ വന്നുചേരും. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക.

തൃക്കേട്ട: ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടും. ഡോക്ടര്‍ എന്‍ജിനീയറിങ് മേഖലകളിലുള്ളവര്‍ക്കും പേരും പ്രശംസയും വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്ന് ഉപദ്രവം വന്നുചേരും. വ്യവഹാരഥികളില്‍ പരാജയം സംഭവിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നില മോശം. ഭദ്രകാളി ക്ഷേത്ര ദര്‍ശനം അനിവാര്യം. ദേവി ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. യാത്രാ ക്ഷീണം അനുഭവപ്പെടും.

മൂലം: അധ്വാനം കൂടും. ദൂരയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ആക്രമണം നേരിടാന്‍ സാധ്യത ഉണ്ട്. സര്‍ക്കാരില്‍ നിന്ന് ബിസിനസ്സില്‍ ചില ഇടപെടലുകള്‍ വന്നുചേരാം. സ്ത്രീകള്‍ മൂഖേന അപമാനിതരാകാന്‍ ഇടയുണ്ട്. ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. സൂര്യന്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവും. വീട് പുതുക്കി പണിയും, അലങ്കരിക്കും. വീട്, വാഹനം എന്നിവ വാങ്ങിക്കും. വായ്പ ലഭിക്കുന്നതിലെ തടസ്സങ്ങള്‍ നീങ്ങും. വിഷ്ണു ക്ഷേത്ര ദര്‍ശനം.

പൂരാടം: സംഗീതം, നൃത്തം, സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ജനപ്രീതിയും അംഗീകാരവും വര്‍ദ്ധിക്കും. ദുര്‍ബലമായി പല കാര്യങ്ങളും ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഭൂമി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. തൊഴില്‍, വിദ്യാഭ്യാസം എന്നീ രംഗത്ത് പുരോഗതി ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് രംഗത്ത് മെച്ചം. മാതാവ് മുഖേന ഭാഗ്യം ലഭിക്കും. ഉന്നത പഠനത്തിന് അവസരം. കുടുംബ ക്ഷേത്രത്തില്‍ ഉത്സവം നടത്തും. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അവസരം. കുടുംബത്തില്‍ അനൈക്യം വരാതിരിക്കാന്‍ ജാഗ്രത വേണം. സംഭാഷണങ്ങള്‍ ശ്രദ്ധിക്കണം. പ്രകോപനം പാടില്ല. സര്‍ക്കാര്‍ തൊഴിലിനും തൊഴിലവസരത്തിനും സാധ്യത. മേലധികാരികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. പൊതുവേ സംയമനം വേണം. വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

ഉത്രാടം: പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങും. കലാകാരന്മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നല്ല സമയം. ധാരാളം യാത്രകള്‍ ചെയ്യണം. ബിസിനസ് പാര്‍ട്ണര്‍ നഷ്ടം സംഭവിക്കും. യാത്ര ക്ഷീണം, ശാരീരിക അസ്വസ്ഥത എന്നിവയുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയും ഉണ്ടാവും. ധനപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഊര്‍ജ്ജസ്വലത കുറയുന്നത് ശ്രദ്ധിക്കണം. ചെലവ് കൂടും. വരുമാനം കുറയും. വസ്തു വാങ്ങാന്‍ ശ്രമിക്കും. പ്രമാണങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കണം. തൊഴില്‍പരമായി ഗുണാനുഭവം. ഉയര്‍ന്ന തൊഴില്‍ ലഭിക്കും. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.

തിരുവോണം: തൊഴില്‍ സ്ഥാന ചലനം ഉണ്ടാകാന്‍ ഇടയുണ്ട്. സന്താനങ്ങളെ കൊണ്ട് ക്ലേശിക്കും. പ്രേമബന്ധത്തിന് തടസ്സം. ഉമാമഹേശ്വരി ക്ഷേത്ര ദര്‍ശനം. വിദേശവാസത്തിന് യോഗം. കര്‍മസ്ഥാനം മോശം. ഹൃദ്രോഗമുള്ളവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. വ്യാപാര മേഖലയില്‍ ഉള്ളവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കേണ്ടിവരും. ദൗര്‍ഭാഗ്യങ്ങള്‍ക്ക് അന്ത്യം. അപ്രതീക്ഷിത നേട്ടം. നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കൂട്ടുസംരഭങ്ങള്‍ മെച്ചപ്പെടും. ഗവേഷണം, ആരോഗ്യം, റവന്യു, അന്വേഷണം, അധ്യാപനം, രാഷ്ട്രീയം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. അയ്യപ്പ ക്ഷേത്ര ദര്‍ശനം.

അവിട്ടം: കര്‍മ്മരംഗത്ത് പുതിയ മാറ്റങ്ങള്‍ വരുത്തും. പുതിയ വീടോ പറമ്പോ വാങ്ങാന്‍ ഇടയുണ്ട്. വിഷമഘട്ടങ്ങള്‍ വളരെ ലാഘവത്തോടെ തരണം ചെയ്യുന്നതു കാണാം. പഴയ ബാധ്യതകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പുതിയ ചില സുഹൃത്തു ബന്ധങ്ങള്‍ സ്ഥാപിക്കും. വിഷബാധയെ തുടര്‍ന്നു ആശുപത്രി വാസത്തിന് യോഗം. ഗവേഷണ രംഗത്ത് നേട്ടം. ആഴത്തിലുളള അറിവ് സമ്പാദിക്കാന്‍ കഴിയും. സഹോദരങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. സഹോദരങ്ങളുമായി സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അവരവരുടെ ആശയം, വീക്ഷണം എന്നിവ വിമര്‍ശിക്കപ്പെടുമ്പോള്‍ പതറിപോകാന്‍ ഇടയുണ്ട്. ധൈര്യം വീര്യം കുറയും. ആത്മവിശ്വാസ കുറവ് അനുഭവപ്പെടും. രേഖകള്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. വിദേശത്ത് ഉന്നത പഠനം, ഗവേഷണം എന്നിവയ്ക്ക് സാധ്യത. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കും.

ചതയം: പല കാര്യങ്ങളിലും ധൈര്യമായി മുന്നോട്ടു പ്രവര്‍ത്തിച്ചു വിജയിക്കും. പ്രയോജനകരമായ ചില സന്ദേശങ്ങള്‍ ലഭിക്കാനിടയുണ്ട്. ചെറു യാത്രകള്‍ പ്രയോജനം. ഭൂമി വാങ്ങിക്കും. ജനോപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാവുന്നതാണ്. ഏഴാം ഭാവാധിപനായ സൂര്യന്‍ രണ്ടില്‍ ധന സ്ഥാനത്താണ്. സൂര്യനോടൊപ്പം ശനിയും ശുക്രനും ഉണ്ട്. ധനം, കുടുംബം, വിവാഹം എന്നിവയെ കുറിച്ച് ആലോചിക്കുന്ന സമയം. ജീവിത പങ്കാളിയില്‍ വഴി നേട്ടം ലഭിക്കും. കൂട്ടു കച്ചവടവും ഗുണകരം. സംസാരത്തില്‍ വളരെ ശ്രദ്ധിക്കണം. അയ്യപ്പനെ ധ്യാനിക്കുക.

പൂരുട്ടാതി: ഉന്നത പദവിയില്‍ ഉള്ളവരില്‍ നിന്ന് ധാരാളം സഹായം പ്രതീക്ഷിക്കാം. കലാപ്രവര്‍ത്തനം മുഖേന ധനാഗമം പ്രതീക്ഷിക്കുന്നു. തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ദൂരസ്ഥലത്തുള്ള ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചുവരും. കൃഷിയില്‍ നിന്ന് ആദായമുണ്ടാവും. ധനാഗമനം വര്‍ധിക്കും. ധനമാന്ദ്യത്തിന് പരിഹാരം. രണ്ടിലെ ശുക്രന്‍ ധനസ്ഥിതി മെച്ചപ്പെടുത്തും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നേക്കണം. ജീവിത പങ്കാളി, പാര്‍ട്ണര്‍മാര്‍ എന്നിവരുമായ അഭിപ്രായ ഭിന്നത വരാതെ നോക്കണം. ആരോഗ്യം, ആഹാരം എന്നിവയില്‍ ശ്രദ്ധവേണം. എതിര്‍ ലിംഗക്കാരോട് ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വിദേശ യാത്ര യോഗം. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.

ഉത്രട്ടാതി: ആരോഗ്യനില തൃപ്തികരമായിരിക്കും. വീട് മാറി താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സന്താനജനം കൊണ്ട് വീട്ടില്‍ സന്തോഷം കളിയാടും. രാഷ്ട്രീയക്കാര്‍ അധികാരസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ട്. ആരോഗ്യനില മാസാവസാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പിതാവുമായി പിണങ്ങി നില്‍ക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാ കാര്യത്തിലും സ്വയം അച്ചടക്കം വേണം. അധികാര മോഹം ഉണ്ടാകും. തൊഴിലില്‍ സമര്‍പ്പണ മനോഭാവം വേണം. നേതൃ പാടവം ഉണ്ടാകും. ഗുരുവായൂരപ്പ ദര്‍ശനം.

രേവതി: ആരോഗ്യം നില തൃപ്തികരമാണെങ്കിലും മനസ്സ്വസ്ഥത കുറയും. രഹസ്യങ്ങള്‍ കണ്ടെത്താനും അതിനെക്കുറിച്ച് ഗവേഷണം നടത്താനും ശ്രമിക്കും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും. കുടുംബാംഗങ്ങളുമായി പിണങ്ങാനും ആ പിണക്കം കോടതി വരെ എത്താനും സാധ്യതയുണ്ട്. മുന്‍ കോപം മാറ്റണം. തൊഴിലിടങ്ങളില്‍ ക്ഷമ, ആത്മ നിയന്ത്രണം എന്നിവ വേണം. പോലീസ്, ജയില്‍, ആര്‍മി എന്നീ മേഖലയിലുള്ളവര്‍ക്ക് നേട്ടം. തെറ്റായ കൂട്ടു കെട്ടില്‍ നിന്ന് ഒഴിയണം. തെറ്റായ സഞ്ചാരം നിയന്ത്രിക്കണം. മാനസിക സംഘര്‍ഷം കുറയ്ക്കണം. ശ്രീകൃഷ്‌ണനെ പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.