കോരപ്പുഴയിലെ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് സാജിദ്, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു കെ ഗിരീഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളം കെട്ടിക്കിടക്കാതെ കടലിലേക്ക് ഒഴുകിപ്പോകാന്‍ കോരപ്പുഴ മുതല്‍ അഴിമുഖം വരെ അടിഞ്ഞുകൂടിയ എക്കല്‍, മണല്‍ എന്നിവ നീക്കംചെയ്ത് കോരപ്പുഴയുടെ ആഴം കൂട്ടുന്ന ഡ്രഡ്ജിങ് 2022ലാണ് ആരംഭിച്ചത്. സമുദ്ര നിരപ്പില്‍നിന്ന് മൂന്നര മീറ്റര്‍ ആഴത്തിലും 100-140 മീറ്റര്‍ വീതിയിലും അഴിമുഖത്തുനിന്ന് കിഴക്കോട്ട് 1600 മീറ്റര്‍ നീളത്തിലുമാണ് ഡ്രഡ്ജിങ് നടത്തുന്നത്. മഴ ആരംഭിക്കുന്നത് വരെ ഡ്രഡ്ജിങ് നടന്നിരുന്നു. പ്രവൃത്തി പുനരാരംഭിച്ചതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തീരസംരക്ഷണ സമിതി അംഗങ്ങളും ആശങ്ക അറിയിച്ചിരുന്നു.
