വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷ ദിനങ്ങളിൽ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷ ദിനങ്ങളിൽ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങൾ റദ്ദാക്കാനും അറിവും വിജ്ഞാനവും പകർന്നു നൽകുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് നിർദേശം.

കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരുടെ ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി.

സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെ കുറിച്ചും പഠിപ്പിക്കണം. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഗാന്ധിജയന്തിക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കണം.

ശ്രീനാരായണ ഗുരു ജയന്തി, സമാധി എന്നീ ദിവസങ്ങളിൽ ഗുരുവിന്റേയും നവോത്ഥാന നയകരുടെയും സന്ദേശങ്ങൾ ഉൾക്കെണ്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തിൽ സംവാദ സദസുകളും സംഘടിപ്പിക്കണം. അയ്യങ്കാളിയുടെ ജന്മദിനത്തിൽ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വേണം. വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ ദിവസങ്ങളിൽ ഒരു ദിവസത്തെ പ്രവർത്തനത്തിൽ ഒതുക്കിനിർത്താതെ വിദ്യാർഥികളുടെ ജീവിതത്തിലുടനീളം തുടരുന്ന സംസ്ക്കാരമായി വളർത്തിയെടുക്കാനുള്ള പദ്ധതികൾ നടപ്പാക്കണം.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്പെഷ്യൽ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളിൽ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഐക്യസ്വഭാവം ഉള്ളതാവാൻ സ്കൂളുകൾ ശ്രദ്ധിക്കണം. ഭാരതത്തിന്റെ ഭരണഘടന പുസ്തകം കേരളത്തിലെ മുഴുവൻ സ്കൂൾ ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കുകയും അവ കുട്ടികൾക്ക് വായനയ്ക്കും റഫറൻസിനും ലഭ്യമാക്കകയും ചെയ്യണം.

ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൈബർ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, റോഡ് സുരക്ഷ, പോക്സോ നിയമം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവൽക്കരണം സ്കൂൾതലത്തിൽ നടത്തണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിക്കുന്നതിന് പകരം കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികൾ രൂപീകരിക്കണം.

ശുപാർശകളിൽ‌ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. 2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ടിലെ വകുപ്പ് 15 പ്രകാരമാണ് ബാലാവകാശ കമ്മിഷൻ സർക്കാരിന് ശുപാർശകൾ നൽകിയത്.

Leave a Reply

Your email address will not be published.