സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,18,960 രൂപയിലേക്കെത്തി.
ഇന്നലെ വൈകുന്നേരവും സ്വർണ്ണവിലയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡായ 1,31,160 രൂപയിൽ നിന്നും ഏകദേശം 12,000 രൂപയിലധികം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വില കൂടുമെന്ന് കരുതിയിരുന്നെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ഡോളറിൻ്റെ മൂല്യം ഉയരാൻ കാരണമായി. ഇതാണ് സ്വർണ്ണവില കുറയാൻ പ്രധാനമായും ഇടയാക്കിയത്. വരും ദിവസങ്ങളിലും വിപണിയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
